റന റുഖിയ ചോദിക്കുന്നു - കരയണോ അതോ ചിരിക്കണോ !

New Update

publive-image

മണ്ണാർക്കാട്: കഴിഞ്ഞ പ്ലസ് ടു റിസൽട്ട് വന്നപ്പോൾ റന റുഖിയ ഏറെ സങ്കപ്പെട്ടു. മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അവൾക്ക് ഇംഗ്ലീഷ് എഴുത്തുപരീക്ഷയിൽ ലഭിച്ചത് 18 മാർക്ക് മാത്രം. ബി ഗ്രേഡും. താൻ നന്നായി എഴുതിയ പരീക്ഷയുടെ ഫലം ഒരിക്കലും അങ്ങനെയാവില്ല എന്ന് അവളുടെ മനസ്സ് ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു.

Advertisment

കൂട്ടുകാരികളൊക്കെ സമ്പൂർണ്ണ എ പ്ലസ് ആദരങ്ങൾ ഏറ്റുവാങ്ങുമ്പോഴും അവളുടെ കണ്ണുനീർ തോരുന്നുണ്ടായിരുന്നില്ല. തനിക്ക് പ്രിയപ്പെട്ട വിഷയത്തിന് ഉന്നത പഠനം സാധ്യമാകാൻ കഴിയാത്തതിന്റെ വിഷമം വേറെയും. ഒടുവിൽ അവൾ റീ വാല്യൂഷൻ നൽകാൻ തീരുമാനിച്ചു. ഒപ്പം ഉത്തര കടലാസിന്റെ ഫോട്ടോ കോപ്പി ലഭ്യമാകുവാൻ അപേക്ഷയും നൽകി.

കഴിഞ്ഞ ദിവസം കോപ്പി ലഭ്യമായപ്പോൾ അതിൽ അവൾക്ക് ലഭിച്ചത് 80 മാർക്കാണ്. എൺപതിൽ എൺപത് മാർക്ക്. ഉത്തരക്കടലാസിലെ 80 മാർക്ക് മാർക്ക് ലിസ്റ്റിൽ എഴുതിയപ്പോൾ 18 ആയി മാറി.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഈ പിഴവാണ് റനയുടെ ഇത്രയും ദിവസത്തെ സങ്കടത്തിന് കാരണം. മേലാറ്റൂർ ആർ.എം ഹയർസെക്കന്ററി സ്കൂളിലെ സയൻസ് വിദ്യാർത്ഥിനിയായിരുന്നു റന റുഖിയ.

ഇനിയൊരു വിദ്യാർത്ഥിക്കും തന്റെ അവസ്ഥ ഉണ്ടാവരുതെന്ന് പറയുന്ന റന സ്കൂൾ വഴി ഇതിനെതിരെ പരാതിയും നൽകിയിട്ടുണ്ട്. ചെമ്മാണിയോട് ആൽപ്പറ്റ വീട്ടിൽ അബ്ദുൾ റഫീഖിന്റെ മകളാണ് റന. മാതാവ് ഫെബിന ചെമ്മാണിയോട് പി.ടി.എം യുപി സ്കൂൾ അദ്ധ്യാപികയാണ്.

Advertisment