/sathyam/media/post_attachments/6RR1aG5sPhdJbBwEOMTq.jpg)
പാലക്കാട്: നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക യോഗം ചേരുന്ന കാര്യം പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ ഷാഫി പറമ്പില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാലക്കാട് താലൂക്കില്‍ ഒരു വര്‍ഷം കൊണ്ട് 1344 പട്ടയങ്ങളും ആലത്തൂര്‍ താലൂക്കില്‍ 906 പട്ടയങ്ങളും ഉള്‍പ്പെടെ പാലക്കാട് ജില്ലയില്‍ 7606 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ സുന്ദരം കോളനി, താണാവ് രാജീവ് നഗര്‍ കോളനി, മാത്തൂര്‍ പഞ്ചായത്ത്, കണ്ണാടി പഞ്ചായത്ത്, പിരായിരി പഞ്ചായത്ത് എന്നിവിടങ്ങളില്‍ താമസിക്കുന്നവരിൽ മതിയായ രേഖകള്‍ ഇല്ലാത്തതു മൂലം പട്ടയം ലഭ്യമാവാത്ത പ്രശ്‌നം വളരെ ഗൗരവമായാണ് കാണുന്നത്. സുന്ദരന്‍ കോളനിയിലെ 84 കുടുംബങ്ങള്‍ 305 സെന്റ് വരുന്ന കൈവശ സ്ഥലങ്ങള്‍ നിലവില്‍ റവന്യൂ റിക്കോര്‍ഡ് പ്രകാരം മുന്‍സിപ്പാലിറ്റി വിലക്ക് വാങ്ങി ചേരി നിര്‍മ്മാണ പദ്ധതിക്ക് വേണ്ടി നല്‍കിയിട്ടുള്ളതാണ്.
കോളനി നിവാസികള്‍ റവന്യൂ വകുപ്പിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് മുന്‍സിപ്പാലിറ്റിയില്‍ നിന്നും പ്രസ്തുത ഭൂമി റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാക്കി ഭൂമി പതിവ് ചട്ടങ്ങള്‍ക്ക് വിധേയമായി അര്‍ഹതക്കനുസരിച്ച് പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. താണാവ് രാജീവ് നഗര്‍ കോളനിയില്‍ 12 കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വനം വകുപ്പിന്റേയും, കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ലാന്റ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ടും ഉള്ളതാണ്.
ട്രൈബ്യൂണലുകള്‍ ഇവരുടെ അപേക്ഷകള്‍ പരിശോധിച്ചു വരികയാണ്. ഭൂപരിഷ്‌ക്കരണ നിയമം അനുശാസിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അപേക്ഷകര്‍ക്ക് കഴിയാത്തതു മൂലമാണ് ക്രയസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തടസമായി നില്‍ക്കുന്നത്. നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് വേഗത്തിലാക്കുന്നതിന് ലാന്റ് ബോര്‍ഡ് മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയില്‍ പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us