പാലക്കാട് ജില്ലയിലെ ഡാമുകൾ 24 മണിക്കൂറും നിരീക്ഷിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിയന്ത്രിക്കാനും 24 മണിക്കൂറും ജലനിരപ്പ് നിരീക്ഷിക്കാനും ഡാമുകൾ തുറക്കുന്നതുമായി ബദ്ധപ്പെട്ട് തമിഴ്നാടുമായി കൃത്യമായ ആശയവിനിമയം നടത്താനും എക്സിക്യൂട്ടീവ് എൻഞ്ചിനീയർമാർക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് അടിയന്തിരമായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Advertisment

നിയോജക മണ്ഡല അടിസ്ഥാനത്തിൽ കൃഷി, വീടുകൾ, പാലങ്ങൾ, റോഡുകൾ  എന്നിവക്കുണ്ടായ നാശനഷ്ടങ്ങൾ എത്രയും വേഗം വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു. കൃഷിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ജില്ലാ കൃഷി ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.

മണ്ണാർക്കാട് താലൂക്കിലെ വെള്ളത്തോട്, പാപ്പത്തോട് പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 50 ഓളം കുടുംബങ്ങളെ കാഞ്ഞിരപ്പുഴയിൽ രണ്ട് സ്കൂളുകളിലായി പ്രവർത്തിക്കുന്ന ക്യാംമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു. നെല്ലിയമ്പതിയിലും രണ്ട് ഇടങ്ങളിലായി 50 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകൾ തുറന്ന സ്ഥലങ്ങളിൽ ആളുകൾക്ക് ആവശ്യ മരുന്നുകൾ ആരോഗ്യ വകുപ്പ് എത്തിക്കുന്നുണ്ട്.

അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് അനുസരിച്ച് പഞ്ചായത്തുകളും നഗരസഭകളും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ യോഗത്തിൽ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

ഓൺലൈനായി നടന്ന യോഗത്തിൽ എംഎൽഎമാരായ കെ. ബാബു, കെ. ശാന്തകുമാരി, കെ.ഡി. പ്രസേനൻ, എൻ. ഷംസുദീൻ, മമ്മികുട്ടി, സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ, ജില്ലാ കലക്ടർ മൃൺ മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥൻ, ഒറ്റപ്പാലം സബ് കലകർ ധർമ്മലശ്രീ, എഡിഎം മണികണ്ഠൻ, ഇറിഗേഷൻ, കെഎസ്ഇബി, കൃഷി, പോലീസ്, ഫയർ ആൻഡ് റസ്ക്യു, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ജില്ലയിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ആഗസ്റ്റ് 3) പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു.

Advertisment