പാലക്കാട് ചിറ്റുര്‍, നെന്മാറ നിയോജക മണ്ഡലങ്ങളില്‍ ഒട്ടൻഛത്രം പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഹർത്താൽ പൂർണം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ചിറ്റൂർ:ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടുപോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയായിരുന്നു ഹർത്താൽ.

Advertisment

ഹർത്താൽ പ്രദേശങ്ങളിൽ മുഴുവനും കടമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ, സ്വകാര്യ, അർധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഓട്ടോ- ടാക്സി, ചരക്കു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഹർത്താലിനോട് പൂർണമായും സഹകരിച്ച എല്ലാവരോടും സമരസമിതി ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ നന്ദി അറിയിച്ചു.

publive-image

ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന ദിവസമായതിനാലാണ് ഓഗസ്റ്റ് നാലിന് ഹർത്താൽ നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930 കോടി രൂപയാണ് ഒട്ടൻ ഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ചിലവഴിക്കുന്നത്.

പി.എ.പി. കരാറിൽ നിന്നു ഭാരതപ്പുഴയ്ക്കു ലഭിക്കേണ്ട 7.25 ടി.എം.എസി. വെള്ളം 2018 - ലെ പ്രളയത്തിനു മുമ്പുള്ള ജലവർഷങ്ങളിൽ നമുക്ക് ലഭിച്ചിരുന്നില്ല. 2016-17 ജലവർഷത്തിൽ 4.37 ടി.എം.സിയും 2017 - 18 ജലവർഷത്തിൽ 6.24 ടി.എം.സി.യുമാണ് ലഭിച്ചത്.

ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ നമ്മൾ ബുദ്ധിമുട്ടും. മൂലത്തറ, കമ്പാലത്തറ, കുന്നംപിടാരി, മീങ്കര, ചുള്ളിയാർ അണകൾ നിറയ്ക്കാൻ കഴിയാതെ വരും. കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.

പോലീസ് സംരക്ഷണത്തിൽ ബാങ്ക് പ്രവർത്തിച്ചത് കഴിച്ച ചോറിനുള്ള നന്ദി ; സുമേഷ് അച്യുതൻ

ചിറ്റൂർ: ഹർത്താൽ ദിനത്തിൽ പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പോലീസ് സംരക്ഷണത്തിൽ  പ്രവർത്തിച്ചത് കഴിച്ച ചോറിന് നന്ദികാട്ടലായിരുന്നുവെന്ന്  ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പെരുമാട്ടി ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ബ്രാഞ്ച്ലും പോലീസിനെ നിർത്തി പ്രവർത്തനം നടത്തി.

കോൺഗ്രസിൻ്റെ ഹർത്താലിനോട് അതിശക്തമായി  വിയോജിച്ചുവെന്ന് തമിഴ്നാടിനെ അറിയിക്കാനുള്ള നീക്കമായിരുന്നു ഇത്. ജനതാദൾ  (എസ്)  ൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൻ്റെ  ഇത്തരം പ്രവർത്തനങ്ങളോട് സി.പി.എമ്മിൻ്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കുന്നതു വരെ കോൺഗ്രസ് സമരവുമായി മുന്നോട്ടു പോകുമെന്നും സുമേഷ് അച്യുതൻ അറിയിച്ചു.

Advertisment