കെപിസിസി പുനഃസംഘടന; പ്രതിഷേധിച്ച് രാജിവെക്കാനൊരുങ്ങി കെ.എസ്.ബി.എ തങ്ങൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: കെ പി സി സി പുനഃസംഘടയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി. വൈസ്‌ പ്രസിഡന്റും പട്ടാമ്പി നഗരസഭാ മുൻചെയർമാനുമായിരുന്ന കെ.എസ്.ബി.എ. തങ്ങൾ സ്ഥാനം രാജിവെക്കാനൊരുങ്ങിയതായി സൂചന.കെ.പി.സി.സി. അംഗത്വത്തിൽനിന്ന് ഒഴിവാക്കിയതിനെതിരേ കെ.എസ്.ബി.എ. തങ്ങൾ ജില്ലാനേതൃത്വത്തെ പ്രതിഷേധമറിയിച്ചതായാണ് സൂചന.

Advertisment

ഭാരത് ജോഡോ യാത്രയുടെ പട്ടാമ്പി മണ്ഡലംതല സ്വാഗതസംഘം ചെയർമാനും ഭക്ഷണക്കമ്മിറ്റി ചെയർമാനുമാണ് തങ്ങൾ. പട്ടികയിൽ ഇല്ലാതിരുന്ന കെ.പി.സി.സി. മുൻ സെക്രട്ടറി പി. ഹരിഗോവിന്ദനും നേതൃത്വത്തിനുമുന്നിൽ തുറന്നടിച്ചു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പാലക്കാട്ടെത്തുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെയായിരുന്നു ഇതെല്ലാം.

ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അടുത്തദിവസം പ്രതികരിക്കാമെന്നും കെ.എസ്.ബി.എ. തങ്ങൾ പറഞ്ഞു. കെ.എസ്.ബി.എ. തങ്ങൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വിഷമം പറഞ്ഞതായി ജില്ലാ കോൺഗ്രസ് നേതൃത്വവും പറയുന്നുണ്ട്. എന്നാൽ, ഇറങ്ങിപ്പോക്ക് നടത്തിയതായി സമ്മതിക്കുന്നില്ല. ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വത്തിനും ഇക്കാര്യത്തിൽ ശക്തമായ പരാതിയുള്ളതായാണ് പറയുന്നത്.

തങ്ങളെ ഒഴിവാക്കിയതിനെതിരേ ഗ്രൂപ്പ് നേതൃത്വം മൗനംപാലിച്ചതായും ആരോപണമുയർന്നു. ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, തരൂർ മണ്ഡലങ്ങളിൽ അടിത്തട്ടിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന പലരെയും ഒഴിവാക്കിയതായും പരാതിയുണ്ട്. ഇവിടങ്ങളിലേക്ക് മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്.

ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ നിലവിൽ കാര്യമായ പരാതികളുയരില്ലെങ്കിലും യാത്ര പൂർത്തിയാകുന്നതോടെ അസംതൃപ്തർ പരസ്യമായി രംഗത്തുവന്നേക്കാമെന്നു സൂചനകളുണ്ട്. ജനപ്രതിനിധികളല്ലാത്ത, ജില്ലയ്ക്കുപുറത്തുനിന്നുള്ളവർപോലും കെ.പി.സി.സി. അംഗങ്ങളായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനുപകരം സാധാരണപ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ നിയോഗിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്.

Advertisment