Advertisment

പ്ലാച്ചിമടയിൽ ബഹുജന സമ്മേളനം ഒക്ടോബർ 4ന് മേധാപട്കർ ഉദ്ഘാടനം ചെയ്യും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പാലക്കാട്‌: പ്ലാച്ചിമടയിൽ ബഹുജന ഐക്യദാർഢ്യ സമ്മേളനവും സമര പോരാളികളുടെ സംഗമവും ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് നടക്കും. പ്രമുഖ സാമൂഹിക പ്രവർത്തക മേധ പട്കർ ഉദ്ഘാടനം ചെയ്യും. പ്രഫുല്ല സാമന്തറ മുഖ്യാതിഥിയാകും. പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയും പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതിയുമാണ് സംഘാടനം.

പ്ലാച്ചിമട സമരം ആരംഭിച്ച് ഇരുപത് വർഷം കഴിഞ്ഞിട്ടും സമരം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാനും പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി 216 കോടി രൂപയുടെ നഷ്ടം പ്ലാച്ചിമടയിൽ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും അത് കൊക്കക്കോളയിൽ നിന്നും ഈടാക്കാൻ വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമം പിന്നീട് കേരളം ഭരിച്ച ഇടത്-വലത് സർക്കാരുകളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല.

അതിനുവേണ്ടി 2011 ഫെബ്രുവരി 24 ന് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കി കേന്ദ്ര അനുമതിക്കായി അയച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ 2015 നവംബർ 15ന് രാഷ്ട്രപതി തിരിച്ചയയ്ക്കുകയും ചെയ്തു. ഈ സമയത്ത് കേന്ദ്രം ഭരിച്ച യു.പി.എ-എൻ.ഡി.എ സർക്കാരുകളും പ്ലാച്ചിമടയിലെ ജനങ്ങൾക്കൊപ്പം നിന്നില്ല എന്നതുകൊണ്ട് കൂടിയാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ യാഥാർത്ഥ്യമാകാതെ പോയത്.

പ്ലാച്ചിമട സമരത്തിന്റെ വലിയ വിജയങ്ങളിലൊന്നായിരുന്നു കൊക്കക്കോളയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി ഒരു ബിൽ നിയമസഭയിൽ പാസാക്കാൻ കഴിഞ്ഞു എന്നത്.എന്നാൽ ആ നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ രാഷ്ട്രപതി തള്ളിയിട്ട് ആറ് വർഷം പിന്നിടുകയാണ്. ഇക്കാലയളിവിൽ കേരളം ഭരിച്ച എൽ.ഡി.എഫ് സർക്കാർ ബിൽ വീണ്ടും കൊണ്ടുവരുന്നതിനോ കൊക്കക്കോളയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് മറ്റ് മാർ​ഗങ്ങൾ അവലംബിക്കുന്നതിനോ തയ്യാറായില്ല.

2016ലെ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിൽ യാഥാർത്ഥ്യമാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും സർക്കാർ അതിനുവേണ്ടി ഒരു നീക്കവും നടത്തിയില്ല.2017 ജൂൺ 15ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിൽ മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാം എന്നാണ് ഉറപ്പ് തന്നിരുന്നത്. എന്നാൽ ആ സർക്കാർ ഒരു ടേം പൂർത്തിയാക്കിയിട്ട് പോലും ഫലപ്രദമായ ഒരിടപെടൽ ഉണ്ടായില്ല.

പട്ടികജാതി-പട്ടികവർ​ഗ വിഭാ​ഗങ്ങളുടെ ശുദ്ധജലം മലിനമാക്കിയതിന് കൊക്കക്കോള കമ്പനിക്കെതിരെ എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം മണ്ണാർക്കാട് പ്രത്യേക കോടതിയിൽ നടക്കുന്ന കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കവും പൊലീസിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടും ഈ കേസിലും സർക്കാർ ഇടപെടുന്നതേയില്ല.

പ്ലാച്ചിമടയിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും ദുരിതത്തിലാണ്.സ്വന്തമായി കിണർ ഉണ്ടായിരുന്നവർ പോലും പൈപ്പ് വെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് ഇപ്പോൾ.പ്ലാച്ചിമടക്കാർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി മോണിറ്ററിം​ഗ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാക്കാൻ കൊക്കക്കോളയ്ക്ക് കഴിഞ്ഞിട്ടില്ല. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ കേന്ദ്രാനുമതി ഇല്ലാതെ തന്നെ നടപ്പിലാക്കാൻ കേരളത്തിന് കഴിയും എന്ന് നിയമവിദ​​ഗ്ധർ വ്യക്തമാക്കിയിട്ടും സർക്കാർ അത് പരി​ഗണിക്കുന്നതേയില്ല.

ഉന്നതാധികാര സമിതി നഷ്ടപരിഹാരമായി നിർദ്ദേശിച്ച 216 കോടി രൂപ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തന്നെ കൊക്കക്കോളയിൽ നിന്ന് ഈടാക്കി നൽകാൻ സർക്കാരിന് കഴിയും.ഇക്കാര്യങ്ങളൊന്നും പരി​ഗണിക്കാതെ,പ്ലാച്ചിമട വിഷയത്തിൽ സ‍ർക്കാർ സ്വീകരിക്കുന്ന കുറ്റകരമായ മൗനത്തിനെതിരെ നമ്മൾ സമരം ശക്തമാക്കുകയാണ്.

കൊക്കക്കോള എന്ന ബഹുരാഷ്ട്ര കോർപ്പറേറ്റ് ക്രിമിനലിനെ ശിക്ഷിക്കാൻ, നഷ്ടപരിഹാരം ഈടാക്കാൻ വേണ്ടി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പ്ലാച്ചിമട സമര പന്തലിൽ നമ്മൾ ആരംഭിച്ച സത്യാഗ്രഹ സമരം വരുന്ന ഒക്ടോബർ 04ന് 50 ദിവസങ്ങൾ തികയുകയാണ്.

സമരം സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ 04ന് പ്ലാച്ചിമടയിൽ ബഹുജന ഐക്യദാർഢ്യ സമ്മേളനവും സമരംപോരാളികളുടെ സംഗമവും സംഘടിപ്പിക്കുന്നത്.വിവരങ്ങൾക്ക്‌ : 9744831675 | 9497064356.

Advertisment