/sathyam/media/post_attachments/LaoHJDXrglh255ZaEOsW.jpg)
പാലക്കാട്: പാലക്കാട് ഉപജില്ല കലോത്സവത്തിൽ നൃത്ത ഇനങ്ങളിലെ വിധി നിർണ്ണയം അട്ടിമറിക്കപ്പെട്ടതായി ആരോപണം. അർഹരായ വിദ്യാർത്ഥികളെ തഴഞ്ഞ് അനർഹരായവർക്ക് പരിഗണന നൽകുന്നതിന്ന് പിന്നിൽ പ്രവർത്തിച്ചത് മുൻ വർഷങ്ങളിൽ കരിമ്പട്ടികയിൽപ്പെട്ട നൃത്താധ്യാപകൻ. സർക്കാർ അംഗീകൃത പാനലിൽനിന്നുള്ളവരെ ഒഴിവാക്കിയാണ് വിധി നിർണ്ണയം നടത്തിയിട്ടുള്ളതെന്നും ആരോപണം. പരാതി പറയാനും അപ്പീൽ നൽകാനുമുള്ള അവസരങ്ങള്‍ നിഷേധിക്കുന്നതായും രക്ഷിതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് ഉപജില്ല കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികളുടെ മാതാക്കളായ കെ.പി.രമ്യ, സി. സതി എന്നിവരാണ് ഉപജില്ല കലോത്സവത്തിലെ വിധി നിർണ്ണയത്തിന്നെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കലോത്സവത്തിന്റെ മാന്വൽ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പാലക്കാട് ഉപജില്ല കലോത്സവം നടന്നത്.
അതാത് വിഷയങ്ങളിൽ യോഗ്യതയില്ലാത്തവരാണ് നൃത്ത ഇനങ്ങളിൽ വിധി നിർണ്ണയം നടത്തിയത്. വിവാദ നൃത്ത അദ്ധ്യാപകൻ വിധികർത്താക്കളെയും സംഘാടകരെയും സ്വാധീനിച്ചാണ് യോഗ്യരായ വിദ്യാർത്ഥികളെ തഴഞ്ഞ് അയോഗ്യരായവർക്ക് സ്ഥാനം ഉറപ്പിക്കുന്നത്.
യുവജനോത്സവ വേദികളിലെ സ്ഥിരം വിധികർത്താവായിരുന്ന ഈ നൃത്താദ്ധ്യാപകനെ വിധി നിർണ്ണയത്തിലെ ക്രമക്കേടിനെ തുടർന്ന് മുന്‍പ് കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുള്ളതാണ്. സർക്കാർ അംഗീകൃത പാനലിൽ നിന്നുള്ള വിധികർത്താക്കളെ ഒഴിവാക്കി ഇയാള്‍ നിർദ്ദേശിക്കപ്പെട്ടവരാണ് വിധി നിർണ്ണയിച്ചിട്ടുളളതെന്നാണ് ആക്ഷേപം.
കലയെ കൊല്ലാകൊല ചെയ്യുന്ന ഈ നൃത്താദ്ധ്യാപകനെതിരെ ഇതിന് മുമ്പും വിജിലൻസ് ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഒതുക്കി തീർക്കുകയാണ് ഉണ്ടായിട്ടുള്ളത്.
പാലക്കാട് ഉപജില്ല കലോത്സവത്തിലെ ക്രമക്കേട് സംബന്ധിച്ച് എഇഒ, കലക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. നീതി കിട്ടാനും തെറ്റ് അവർത്തിക്കാതിരിക്കാനും ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.പി. രമ്യ, സി.സതി എന്നിവർ പറഞ്ഞു. കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us