ചരിത്രത്തിന്റെ കാവൽക്കാരാണ് അത്താണികൾ - അഡ്വ: ലിജോ പനങ്ങാടൻ

New Update

publive-image

മലമ്പുഴ: ഒരു കാലഘട്ടത്തിന്റെ ചുമട് താങ്ങിയ എല്ലാ ഓർമകളുടെയും അവശേഷിപ്പുകളാണ് ഓരോ അത്താണിയും. നാടിന്റെയും, റോഡിന്റെയും വികസനം അത്താണികളെ ഒന്നൊന്നായി കടപുഴക്കിയെങ്കിലും കാലത്തെ അതിജീവിച്ച അത്താണികൾ പലയിടത്തും തലയുയത്തി നില്ക്കുന്നു. അവശേഷിച്ച അത്താണികളെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പാൽഘാട്ട് ഹിസ്റ്ററി ക്ലബ്ബെന്ന് ബയോഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി മെമ്പർ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാൽഘാട്ട് ഹിസ്റ്ററി ക്ലബ് എന്നി സ്ഥാനങ്ങൾ വഹിക്കുന്ന അഡ്വ: ലിജോ പനങ്ങാടൻ പറഞ്ഞു.

Advertisment

ജനകീയ സർവ്വേയിലൂടെയാണ് അത്താണികളെ അടയാളപ്പെടുത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചവരുടെ പേരും ഉൾപ്പെടുത്തി ജില്ലാ കലക്ടർക്കും ആർക്കിയോളജിക്കൽ സർവ്വേക്കും പൊതുമരാമത്ത് വകുപ്പിനും നഗര ആസൂത്രണ വിഭാഗത്തിനും അതത് പഞ്ചായത്തുകൾക്കും കൈമാറിവരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാളിതുവരെ 150 ഓളം അത്താണികൾ കണ്ടെത്തിയിട്ടുണ്ട്. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിഅകത്തേത്തറ ഗ്രാമപഞ്ചത്ത് - പഞ്ചായത്തിലെ ചരിത്രവും, പൈതൃകം മായി ബന്ധപ്പെട്ട എല്ലാ നിർമ്മിതികളെയും വസ്തുക്കളെയും സംരക്ഷിത സ്മരകങ്ങളായി (Protected structures) പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ പഞ്ചായത്തിൽ കണ്ടെത്തിയ 6 അത്താണികൾ സംരക്ഷിത സ്മാരകങ്ങൾ എന്ന ബോർഡ് സ്ഥാപിക്കുകയും -2 എണ്ണത്തിൽ സംരക്ഷണ പ്രവർത്തനം നടത്തുകയും ചെയ്തിട്ടുള്ളതാണ്. കേരളത്തിൽ ഇത്തരത്തിലുള്ള ഒരു മാതൃക പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് ജൈവപരിപാലന സമിതി അകത്തേത്തറ ഗ്രാമപഞ്ചായത്താണ് .

രാജഭരണകാലം മുതൽ ബ്രിട്ടീഷ് ഭരണകാലം വരെ മൂരി വണ്ടികളിലും ഉന്തുവണ്ടികളിലും തലച്ചുമടായുമാണ് ചരക്കുനീക്കം നടന്നിരുന്നത്. വഴിയാത്രക്കാർക്കും ,തലച്ചുമടായി വരുന്നവർക്ക് പരസഹായമില്ലാതെ ചുമട് ഇറക്കിവച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികൾ. ഇതൊടനുബന്ധിച്ച് തണൽമരങ്ങളും ചുമുട് എടുത്തു വരുന്നവർക്കും, വഴി നടന്നു വരുന്നവർക്കും ദാഹം തീർക്കാനായി മോര് വെള്ളം നല്കുന്ന തണ്ണീർ പന്തലുമുണ്ടായിരുന്നു.

'അത്താണി' 'തണ്ണീർ പന്തൽ' പിന്നീട് സ്ഥലനാമങ്ങളായി മാറി. ചരക്കുനീക്കം സുഗമമാക്കുന്നതിനു വേണ്ടി രാജാക്കന്മാരാണ് അത്താണികൾ സ്ഥാപിച്ചിരുന്നത്. പ്രദേശികമായി നാട്ടുപ്രമാണിമാരും പങ്കാളിയായി. ജന്മ- ചരമദിന ഓർമ്മക്കായി അത്താണികൾ സ്ഥാപിച്ചിരുന്നുവെന്ന് കൊത്തി വച്ച എഴുത്തുകൾ സൂചിപ്പിക്കുന്നു.

പ്രസവിക്കാതെ മരണപ്പെട്ട ഗർഭിണികളുടെ ഓർമ്മക്കായും അത്താണി സ്ഥാപിച്ചിരുന്നു. ഗർഭഭാരം ഇറക്കി വെയ്ക്കാൻ കഴിയാതെ പ്രയാസപ്പെട്ടതു പൊലെ തല ചുമടിന്റ ഭാരം കൊണ്ട് ഒരാളും സങ്കടപ്പെടരുതെന്ന ആശയമായിരുന്നു ഇതിനു പിന്നിൽ. കാളവണ്ടിയുഗത്തിൽ നിന്ന് യാന്ത്രികയുഗത്തിലേക്കുള്ള മാറ്റത്തിന് നിശബ്ദ സാക്ഷിയായി അത്താണികൾ അതിജീവനത്തിന്റെ പാതയിലാണ്.

Advertisment