മലമ്പുഴയില്‍ വിവിധ സ്ഥാപനങ്ങളുടെ പരിസരത്ത് വൈദ്യുതി വകുപ്പിന്റെ ഇലക്ട്രിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ 

New Update

publive-image

മലമ്പുഴ:വൈദ്യുതി വകുപ്പിന്റെ ഇലക്ട്രിക് മാലിന്യമായ ട്യൂബ്, കവറിങ് തുടങ്ങിയ സാധനസാമഗ്രാഫികൾ അലക്ഷ്യമായി മലമ്പുഴ കൃഷിഭവൻ, സപ്ലൈകോ, അംഗനവാടി എന്നിവയുടെ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ പലതും കേടു വരാത്തതാണ് എന്ന വസ്തുത ശ്രദ്ധേയമാണ്.

Advertisment

നിലാവ് പദ്ധതി പ്രകാരം വഴിയോരത്തെ പഴയ തെരുവ് വിളക്കുകൾ മാറ്റി വൈദ്യുതി ലാഭിക്കുന്നതിനുവേണ്ടി എൽഇഡി ബൾബുകൾ സ്ഥാപിച്ചപ്പോൾ നിലവിൽ പോസ്റ്റിൽ ഉണ്ടായിരുന്ന ട്യൂബ് ലൈറ്റുകളും അനുബന്ധ സാമഗ്രികളും അഴിച്ചു കൊണ്ടുവരുകയാണ് ചെയ്തത്.

തെരുവുവിളക്കുകളുടെ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകൾക്കാണെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. ആയതിനാൽ എൽഇഡി ബൾബ് ഫിറ്റ് ചെയ്യുന്ന സമയത്ത് നിലവിൽ ഉണ്ടായിരുന്ന ഉപയോഗം ഉള്ളതും ഉപയോഗിക്കാത്തതുമായ ട്യൂബ് ലൈറ്റുകളും അനുബന്ധ സാമഗ്രികളും അഴിച്ചു കൊണ്ടുവന്ന് പഞ്ചായത്തിനെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.

അതിനാല്‍ പഞ്ചായത്താണ് ഇത്തരം പൊതുസ്ഥലങ്ങളിൽ ലക്ഷ്യമായി ഇട്ടിരിക്കുന്നത് എന്ന് കെഎസ്ഇബി കുറ്റപ്പെടുത്തുന്നു. കൃഷിഭവനിലേക്കും സപ്ലൈകോ, അംഗനവാടി എന്നിവയിലേക്കും വരുന്നവരുടെ കാലുകളിൽ ഒരുപക്ഷേ പൊട്ടിപ്പൊളിഞ്ഞ ട്യൂബ് ലൈറ്റിൻ്റെ കുപ്പിചില്ലുകൾ കയറാൻ സാധ്യതയുണ്ട്.

ഇവ ഇവിടെനിന്നും മാറ്റേണ്ട ഉത്തരവാദിത്വം വൈദ്യുതി വകുപ്പിന് അല്ല മറിച്ച് പഞ്ചായത്തിന് ആണെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. നിലാവ് പദ്ധതി പ്രകാരം എൽഇഡി ബൾബുകൾ സ്ഥാപിച്ചെങ്കിലും വേണ്ടത്ര ഗുണനിലവാരം ഇല്ലാത്ത ബൾബുകൾ ആയതിനാൽ പലതും കേടു വന്നു പോവുകയാണ് ചെയ്യുന്നത്. എന്നാൽ അവ മാറ്റി സ്ഥാപിക്കാനോ കേടുപാടുകൾ തീർക്കാനോ ബന്ധപ്പെട്ട കരാറുകാർ തയ്യാറാവുന്നില്ലെന്നും ആരോപണമുണ്ട്.

തെരുവ് വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി ബൾബുകൾ പലതും ഗുണനിലവാരം ഇല്ലാത്തതിനാൽ അവ വേഗം കേടുവരുന്നു. ഗ്യാരണ്ടിയോ മറ്റോ ഇല്ലാത്തതിനാൽ മാറ്റി സ്ഥാപിക്കാനോ റിപ്പയർ ചെയ്യാനോ കഴിയാതെ തെരുവ് വിളക്കുകൾ പലയിടങ്ങളിലും കണ്ണടച്ചിരിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ട ആരും തന്നെ ഒരക്ഷരം മിണ്ടുന്നില്ല എന്ന് പൊതുജനങ്ങളും ആക്ഷേപം പറയുന്നു.

ഇതുപോലെ തന്നെയാണ് ഹൈമാസ്റ്റ് ലൈറ്റിന്റെയും കാര്യം. അവയും പലയിടങ്ങളിലും നോക്കുകുത്തികളായി നിലനിൽക്കുകയാണെന്ന് ജനങ്ങളുടെ ആക്ഷേപം ശക്തമാണ്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് പലയിടങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പ് തന്നെ അവ കണ്ണടക്കുകയാണ് ചെയ്യുന്നത്.

ഇതെല്ലാം തൽപര കക്ഷികളുടെ താല്പര്യങ്ങൾക്ക് വഴങ്ങി അധികൃതർ കണ്ണടക്കുകയാണെന്നും ആരോപണമുണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട് ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ജനോപകാരപ്രദമാക്കണമെന്നും അനധികൃതമായി പണം തട്ടിയെടുക്കാൻ യാതൊരു ഉദ്യോഗസ്ഥരെയോ രാഷ്ട്രീയപാർട്ടിക്കാരെയോ അനുവദിക്കില്ലെന്നും പൊതുജനങ്ങൾ കട്ടായമായി പറയുന്നു. ഇത്തരം നടപടികൾക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

Advertisment