പൊതു ഗതാഗതം സംരക്ഷിക്കുക: ജനുവരി 31 ന് സെക്രട്ടറിയേറ്റ് മാർച്ച്; ഇടതു ഭരണം കെഎസ്ആർടിസിയെ ആസൂത്രിതമായി തകർക്കുന്നതായി കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ ബൈജു

New Update

publive-image

Advertisment

മണ്ണാർക്കാട്: ഇടതു ഭരണം കെഎസ്ആർടിസിയെ ആസൂത്രിതമായി തകർക്കുകയാണെന്നും
കഴിഞ്ഞ 7 വർഷമായി തുടരുന്ന ഇടതു സർക്കാർ കെഎസ്ആർടിസിയെ ആസൂത്രിതമായി തകർക്കുന്ന നടപടികളാണ് കൈക്കൊണ്ടതെന്നും കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു പറഞ്ഞു.

പതിനായിരക്കണക്കിന് തൊഴിലാളികളെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയും പുതിയ ബസുകൾ വാങ്ങാതെ ആയിരക്കണക്കിന് സർവ്വീസുകൾ വെട്ടിക്കുറച്ചും കെഎസ്ആർടിസി ഡിപ്പോകളും റൂട്ടും സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തും അനാവശ്യ പരിഷ്കാരങ്ങളിലൂടെ തൊഴിലാളികളുടെ ആത്മവീര്യം തകർത്തും ഇടതു സർക്കാർ രൂപീകരിച്ച രഹസ്യ അജണ്ടയിലൂടെ കെഎസ്ആർടിസിയെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്‌ടി എംപ്ലോയീസ് സംഘ് മണ്ണാർക്കാട് നെല്ലിപ്പുഴയിൽ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിപ്രകാരം കെഎസ്ആർടിസിക്ക് ലഭിച്ച 248 റൂട്ടുകൾ സ്വകാര്യ ലോബിക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കുക, ജീവനക്കാരിൽ നിന്നും ഈടാക്കുന്ന എസ്എൽഐ, ജിഐഎസ് ഇൻഷുറൻസ് തുകകളും പങ്കാളിത്ത പെൻഷൻ പ്രീമിയവും 10 മാസമായി അടക്കാതെ ജീവനക്കാരന്റെ പെൻഷനും മരണാനുകൂല്യവും നിഷേധിക്കുന്ന ഇടതു നയം തിരുത്തുക, ദിവസവും 12 മണിക്കൂർ ജോലി എന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പിൻവലിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറ് ആക്കി പൊതു ഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 31 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ഡിപ്പോകൾ കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മണ്ണാർക്കാട് ഡിപ്പോയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചത്.

യൂണിറ്റ് വൈസ് പ്രസിഡൻറ് എൻ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബി എം എസ് ജില്ലാ ജോ.സെക്രട്ടറി എം.ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. കെ.സുധീഷ് , ഒ.പ്രസാദ്,എൽ.മധു, എം.എ.പ്രവീൺ കുമാർ, കെ.എ.ഗിരീഷ് എന്നിവർ സംസാരിച്ചു.

Advertisment