കുമ്പളക്കോട് പാലം അപകടാവസ്ഥയില്‍ ! കൈവരികൾ പിടിപ്പിച്ച ഭാഗവും പാലത്തിന്റെ പ്രധാന സ്ലാബിന്റെ വശങ്ങളും ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പിച്ച നിലയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിലെ കുമ്പളക്കോട് പാലത്തിന്റെ കൈവരികൾ തകർന്ന പുഴയിലേക്ക് തൂങ്ങിയ ഭാഗം പ്ലാസ്റ്റിക് വല കൊണ്ട് മറച്ചിരിക്കുന്നു

Advertisment

നെന്മാറ:മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിലെ പ്രധാന പാലമായ കുമ്പളക്കോട് പാലം അപകട ഭീഷണിയിലായിട്ട് കാലങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കൈ വരികൾ പിടിപ്പിച്ച ഭാഗവും പാലത്തിന്റെ പ്രധാന സ്ലാബിന്റെ വശങ്ങളും ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പിച്ച നിലയിൽ പുറത്ത് കാണുന്ന സ്ഥിതിയിലാണ്.

പാലത്തെ താങ്ങിനിർത്തുന്ന ഗർഡറുകളുടെയും കമ്പികൾ പുറത്ത് കാണുകയും ബലക്ഷയം മൂലം കുലുക്കം അനുഭവപ്പെടുന്നതായും പരാതി ഉയർന്നു. പാലത്തിന്റെ പ്രധാന സ്ലാബിനെ താങ്ങി നിർത്തുന്ന കരിങ്കല്ലിൽ നിർമ്മിച്ച രണ്ട് തൂണുകൾക്ക് മുകൾ ഭാഗത്തും പാലത്തിന്റെ സ്ലാബിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും വലിയ വാഹനങ്ങൾ പോകുമ്പോൾ സ്ലാബിൽ കുലുക്കവും അനുഭവപ്പെട്ടു തുടങ്ങി.

ബലക്ഷയത്തിന്റെ ഭാഗമായി പാലത്തിൽ ഉണ്ടായ കുഴികളും മറ്റും ഉപരിതലം പുതുക്കുമ്പോൾ നികത്തുന്നതിനാൽ പുറമേ നിന്ന് നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടാറില്ല. അടിയന്തരമായി പാലം പുതുക്കി പണിതില്ലെങ്കിൽ നെന്മാറ, കൊല്ലംകോട് ഭാഗങ്ങളിലേക്കും പൊള്ളാച്ചി, പഴനി, വടക്കഞ്ചേരി, തൃശ്ശൂർ ഭാഗങ്ങളിൽ നിന്നുമുള്ള ഗതാഗതവും തടസപ്പെടും.

ഊട്ടറ പാലത്തിനുണ്ടായ സ്ഥിതി നെന്മാറ കൊല്ലംകോട് റോഡിലും ഉണ്ടാവാതിരിക്കാൻ അടിയന്തരമായി അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടനക്കാർ അധികൃതർക്ക് നിവേദനം നൽകുകയും പാലത്തിൽ റീത്ത് വയ്ക്കുകയും ചെയ്തിരുന്നു.

പലതവണ നെന്മാറ എംഎൽഎ , ആലത്തൂർ എം.പി തുടങ്ങിയവരുടെ ശ്രദ്ധയിൽ പ്രദേശവാസികളും മറ്റും പാലത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പാലം പുതുക്കിപ്പണിയുന്നതിന് നടപടിയായില്ല. മംഗലം ഗോവിന്ദാപുരം സംസ്ഥാനപാത
ദേശീയപാതയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാലുവരിപ്പാതയാക്കി പുതുക്കിപ്പണിയുമെന്ന വാഗ്ദാനങ്ങൾ പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടികൾ ഒന്നുമായില്ല.

publive-image

പാലത്തിന്റെ തൂണുകളിൽ ആൽമരം വളർന്നു വലുതാവുകയും ഗർഡറുകളും സ്ലാബുകളുംകോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ച നിലയിൽ

രണ്ടുമാസം മുമ്പ് ചരക്ക് വാഹനം തട്ടി വീതി കുറഞ്ഞ ഈ പാലത്തിന്റെ കൈവരി ചരിഞ്ഞുനിന്നത് മുളകൾ കൊണ്ട് കെട്ടി താൽക്കാലിക സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ കുറച്ചു ദിവസം മുമ്പ് നേരത്തെ ചെരിഞ്ഞ കൈവരി പാലത്തിൽ നിന്നും അടർന്നു പുഴയിലേക്ക് തൂങ്ങിക്കിടക്കുകയാണ്.

ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ കെട്ടിട നിർമ്മാണ സമയത്ത് മറയ്ക്കാൻ ഉപയോഗിക്കുന്ന വല വലിച്ചു കെട്ടി തൽക്കാലം മറച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനം സഞ്ചരിക്കുന്ന ഈ അന്തർ സംസ്ഥാന പാതയിലെ മറ്റു പ്രധാന പാലങ്ങളായ മംഗലം പാലം പുതുക്കി പണിയുകയും ചുള്ളിയാർ മേട്, ഗോവിന്ദാപുരം പാലങ്ങൾ മുൻവർഷങ്ങളിൽ നവീകരിക്കുകയും ചെയ്തു.

തകർച്ചയിലായ കുമ്പളക്കോട് പാലം പുനർനിർമാണത്തിന് പകരം പാലത്തിന്റെ കൈവരികൾ കഴിഞ്ഞവർഷം പെയിന്റ് അടിച്ച് റിഫ്ലക്ടറുകൾ പിടിപ്പിച്ച് മോടി പിടിപ്പിക്കുകയാണ് ചെയ്തത്. വളവിനോട് ചേർന്ന് പാലത്തിന് സമീപം തെരുവു വിളക്കുകളോ മറ്റോ ഇല്ലാത്തതിനാൽ മുൻപ് പലപ്രാവശ്യം വാഹനങ്ങൾ പുഴയിലേക്ക് വീഴുന്നത് പതിവു സംഭവമായിരുന്നു.

നെന്മാറ എലവഞ്ചേരി പഞ്ചായത്തുകൾ അതിരിടുന്നതും നെല്ലിയാമ്പതി സീതാർ കുണ്ട്, പലകപ്പാണ്ടി തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലെ വെള്ളം വഹിക്കുന്ന ഇഷുമതി പുഴയ്ക്ക് കുറുകെ കുമ്പളക്കോട്ടിലായാണ് പാലം സ്ഥിതിചെയ്യുന്നത്.

Advertisment