/sathyam/media/post_attachments/ff5ehW2EtSKtXzrcDIQT.jpg)
മണ്ണാർക്കാട്: ഇന്ധനവില വർധന ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ പ്രതിഷേധാർഹമാണെങ്കിലും മണ്ണാർക്കാട് മണ്ഡലത്തെ സംബന്ധിച്ച് ബഡ്ജറ്റിൽ സംതൃപ്തിയെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ. മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 7 കോടി രൂപ ഇന്നത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക വകയിരുത്തിയെന്നും ആവശ്യപ്പെട്ട മറ്റു പല പദ്ധതികളും ബഡ്ജറ്റിൽ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മണ്ണാർക്കാട് മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 5 കോടി രൂപ വകയിരുത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ വെള്ളപ്പാടം -പുല്ലൂന്നി -കോളനി റോഡ്- 1കോടി രൂപ. മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ പോറ്റൂർ- ഗോവിന്ദപുരം മഖാം റോഡ്- 50ലക്ഷം രൂപ. തെങ്കര പഞ്ചായത്തിലെ മണലടി -പറശീരി റോഡ് -1 കോടി രൂപ. അലനല്ലൂർ പഞ്ചായത്തിലെ അലനല്ലൂർ- കൂമഞ്ചിറ - പെരിമ്പടാരി - കമ്പനിപ്പടി റോഡ് -1.5 ക്കോടി രൂപ. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ വേങ്ങ- കുണ്ടിലക്കാട് -കണ്ടമംഗലം റോഡ് -1 കോടി രൂപ. കൂടാതെ അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ തടയണ നിർമ്മിക്കുന്നതിന് രണ്ടുകോടി രൂപയും വകയിരുത്തി.കൂടാതെ മണ്ഡലത്തിലെ താഴെപ്പറയുന്നവിവിധ പ്രവർത്തികൾ ബഡ്ജറ്റിൽ ഇടം നേടിയതായും എംഎൽഎ അറിയിച്ചു.
മണ്ണാർക്കാട് മുനിസിപ്പാലിറ്റി ഓഫീസ്- ഷോപ്പിംഗ് കോംപ്ലക്സ് കം ഷീ ലോഡ്ജ് - ടൗൺഹാൾ കെട്ടിട നിർമ്മാണം, അട്ടപ്പാടി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ,അഗളി- ജെല്ലിപ്പാറ റോഡ്, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ നായാടിക്കുന്ന് മിനി സ്റ്റേഡിയം, മണ്ഡലത്തിലെ ആദിവാസി ഊരുകളുടെ വികസനം, മണ്ണാർക്കാട് ബൈപ്പാസ് റോഡിൻറെ പുനരുദ്ധാരണം, അക്കിപ്പാടം പൂളച്ചിറ ഭാഗത്തുനിന്ന് കുന്തിപ്പുഴക്ക് കുറുകെ കൈതച്ചിറക്ക് പാലം, തത്തേങ്ങലം കല്ലും പെട്ടിത്തോടിനു കുറുകെ പാലം, ഷോളയൂർ മേലെ സാമ്പാർക്കോട് പാലം, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിലും, സൈലൻ്റ് വാലി ഫോറസ്റ്റ് ഡിവിഷനിലും ഇലക്ട്രിക് ഫെൻസിങ് നിർമ്മാണം, കണ്ടമംഗലം-കുന്തിപ്പാടം -ഇരട്ട വാരി റോഡിന്റെ പുനരുദ്ധാരണം, ആലുങ്കൽ -കൊമ്പങ്കൽ റോഡിന്റെ പുനരുദ്ധാരണം, തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
ബജറ്റിൽ വിയോജിപ്പുകൾ പലതുണ്ടെങ്കിലും തന്റെ മണ്ഡലത്തെ പരിഗണിച്ചതിന്റെ സംതൃപ്തിയിലാണ് ഷംസുദ്ദീൻ.