പാലിയേറ്റീവ് കെയർ രോഗികൾക്കായി "സ്വപ്നചിറക്" എന്ന പേരില്‍ വിനോദയാത്ര സംഘടിപ്പിച്ച് മണ്ണാർക്കാട് നഗരസഭ

New Update

publive-image

മണ്ണാർക്കാട്: സാധ്യമാകുമോ എന്ന് ഉറപ്പില്ലാത്ത സ്വപ്ന സാക്ഷാൽക്കാരമായിരുന്നു പലർക്കും ആ യാത്ര. ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തുനിന്ന് "സ്വപ്നചിറക്" എന്ന പേരിൽ ഒരു ദൂരയാത്ര പോകാനും കടൽ തിരമാലകളിൽ കളിക്കാനും പുഷ്പമേള ആസ്വദിക്കാനും അവസരമൊരുങ്ങിയപ്പോൾ അവർക്കുണ്ടായ സന്തോഷം വർണ്ണിക്കാൻ കഴിയില്ല. ഈ യാത്രയിൽ അവരെ അനുഗമിച്ച കൂട്ടിരിപ്പുകാർക്കും അതൊരു വേറിട്ട അനുഭവമായി.

Advertisment

മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കായുള്ള വിനോദയാത്ര "സ്വപ്നചിറക് " ന് ഫ്ലാഗ്ഓഫ് ചെയ്തത് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീറാണ്. 180 ഓളം അംഗങ്ങളുള്ള സംഘം 4 ബസുകളിലായാണ് യാത്ര പുറപ്പെട്ടത്.

വൈസ് ചെയർപേഴ്സൺ പ്രസീത, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ, ആശാവർക്കേഴ്സ്, പാലിയേറ്റീവ് മെഡിക്കൽ സംഘം, കുടുംബശ്രീ പ്രവർത്തകർ, വൈറ്റ് ഗാർഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പാലിയേറ്റീവ് രോഗികളെ അനുഗമിച്ചു.

മണ്ണാർക്കാട് നിന്നും കോഴിക്കോട് ബേപ്പൂർ തുറമുഖം, കാപ്പാട് കോഴിക്കോട് ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെയാണ് സംഘം മടങ്ങിയത്. ആ യാത്രയിൽ ഉടനീളം പാട്ടും, വിനോദങ്ങളുമായി വൈറ്റ്ഗാർഡ്സിന്റെ സാന്നിധ്യം ആനന്ദം നൽകി

"സ്വപ്നചിറക്" ന്റെ അണിയറയിൽ പ്രവർത്തിച്ചവർ വലിയ പ്രയത്നമാണ് ഏറ്റെടുത്തത്. ആശാ പ്രവർത്തകർ, ഗവ. ആശുപത്രിയിലെ പാലിയേറ്റീവ് സ്റ്റാഫ് അംഗങ്ങൾ, സന്നദ്ധസേന വൈറ്റ് ഗാർഡ് പ്രവർത്തകർ എന്നിവർ ഓരോ രോഗിയെയും പരിപാലിക്കുന്നതിനും അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനും അതീവ ശ്രദ്ധപുലർത്തി.

Advertisment