കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം: കെഎസ്‌ടി എംപ്ലോയീസ് സംഘ്

New Update

publive-image

പാലക്കാട്: കെഎസ്ആർടിസി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂർണമായി നൽകാതെ വിലപേശൽ നടത്തുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത ഇടതു സർക്കാരിന്റേയും മാനേജ്മെൻറിന്റേയും ധാർഷ്ട്യത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെഎസ്ആർടിസി പാലക്കാട് ജില്ലാ ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അംഗീകൃത തൊഴിലാളി സംഘടനകളുടെ അഭിപ്രായം പോലും മുഖവിലക്കെടുക്കാതെ അങ്ങേയറ്റം തൊഴിലാളി ദ്രോഹവും ജനാധിപത്യ വിരുദ്ധവുമായ സമീപനമാണ് ഇടതു സർക്കാരും മാനേജ്മെന്റും സ്വീകരിക്കുന്നത്. ജീവനക്കാരുടെ ആത്മവിശ്വാസം ഇല്ലാതാക്കി സ്ഥാപനത്തെ തകർത്ത് പാർട്ടി ബിനാമികൾക്ക് കേരളത്തിലെ പൊതു ഗതാഗതം തീറെഴുതാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാരെ പൊതു സമൂഹത്തിനു മുന്നിൽ നിരന്തര അപമാനത്തിന് പാത്രമാക്കുന്നത് വച്ചു പൊറുപ്പിക്കാനാവില്ലെന്നും,ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകയ്യെടുക്കാത്ത പക്ഷം പണിമുടക്ക് ഉൾപ്പടെയുള്ള സമരമാർഗ്ഗത്തിലേക്ക് എംപ്ലോയീസ് സംഘിന് പോകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ കമ്മിറ്റി അംഗം യു. തുളസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് സി.ശശാങ്കൻ മുഖ്യപ്രഭാഷണം നടത്തി. എൽ. മുരുകേശൻ, എസ്. സുരേഷ് എന്നിവർ സംസാരിച്ചു. എം.കണ്ണൻ, സി.കെ.സുകുമാരൻ, എ.അരുൺ, എ.ചന്ദ്രപ്രകാശ്, എം.ഷാജു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment