ഹരിത കർമ്മ സേനാംഗങ്ങളെ സ്ഥിരപ്പെടുത്തണം - സൗഹൃദം ശുചിത്വ വേദി സംസ്ഥാനതല യോഗം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പ്രതികൂല സാഹചര്യങ്ങളിൽ ഏറെ പ്രതിസന്ധികളെ നേരിട്ട് നാടിന്റെ ശുചിത്വത്തിനും നാട്ടുകാരുടെ നല്ല ആരോഗ്യത്തിനുമായി യത്നിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ ജോലിയിലേയും വരുമാനത്തിലേയും അസ്ഥിരതയും മൂലം ഏറെ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും ഈ ദുരവസ്ഥ മാറാൻ ഹരിത കർമ്മ സേനാംഗങ്ങളെ ഹരിത സേവകരായി പ്രഖ്യാപിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങളിൽ ഇവർക്ക് സ്ഥിര നിയമനം നൽകണമെന്നും ഇവരുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും സൗഹൃദം ശുചിത്വ വേദിയുടെ സംസ്ഥാനതല യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആവശ്യമായ വിസ്തൃതിയോടുകൂടിയ എം.സി.എഫുകളും ഇവയുടെ സുരക്ഷയും ഉറപ്പു വരുത്തണമെന്നും യോഗം ആവശ്യപെട്ടു. " സമ്പൂർണ്ണ ശുചിത്വം.2026ലേക്കുള്ള ദൂരം " എന്ന വിഷയത്തിൽ മുഴുവൻ ജില്ലകളിലേയും ശുചിത്വ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓപ്പൺ ഓൺ ലൈൻ ചർച്ച നടന്നു.

ശുചിത്വ പദ്ധതികൾ കൂടുതൽ ആസൂത്രിതവും, ക്രിയാത്മകവും, ചലനാത്മകവും ആകണമെന്നും എങ്കിൽ മാത്രമേ 2026 ആകുമ്പോഴത്തേക്കും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ പദവി കൈവരിച്ച് "2026 ൽ സമ്പൂർണ്ണ ശുചിത്വ കേരളം" എന്നത് യാഥാർത്ഥ്യമാക്കാൻ കഴിയൂ എന്നും ചർച്ചയിൽ വിലയിരുത്തപ്പെട്ടു.

ശുചിത്വ രംഗത്തെ ആർ.പി. മാർ ശുചിത്വ മേഖലയിലെ അടിസ്ഥാന പ്രവർത്തനമാണ് നിർവ്വഹിക്കുന്നതെന്നും ഇവരുടെ സേവനവും വേതനവും എല്ലാ ജില്ലകളിലും നവ കേരള ആർ.പി. മാർക്ക് തുല്യമായും ഏകീകൃതമായും നടപ്പിലാക്കണമെന്നും ശുചിത്വവും പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത്-ബ്ലോക്ക് തല-ജില്ലാ തല യോഗങ്ങളിൽ ഇവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും ആപ്പുകളുടേയും പ്രെഫോർമകളുടേയും ആധിക്യം ഒഴിവാക്കിയും പ്രായോഗിക പദ്ധതികൾക്ക് ഊന്നൽ നൽകിയും ശുചിത്വ പ്രവർത്തനങ്ങൾ നവീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

publive-image

മാലിന്യമുക്തമെന്നത് അപ്രായോഗികവും അശാസ്ത്രീയവുമായതിനാൽ "മാലിന്യ പരിപാലന" മെന്ന ഉചിതമായ സമീപന രീതി ഉണ്ടാകണമെന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തു. പാഴ് വസ്തുക്കൾ പുനരുപയോഗം ചെയ്യുന്നതും, സുരക്ഷിതമായി കൈയ്യൊഴിയുകയും ചെയ്യുന്ന പ്രക്രിയയിൽ സ്വകാര്യ കമ്പനികളുടെ അന്യായ ചൂഷണം തടയണമെന്നും സ്വകാര്യ കമ്പനികളുടെ പ്രവർത്തനം ക്ലീൻ കേരള കമ്പനിയുമായി ബന്ധിപ്പിച്ചും ഏകോപിപ്പിച്ചും നിയമപരമായി മാത്രമേ അനുവദിക്കുവാൻ പാടുള്ളൂയെന്നും നിത്യേന ദീർഘ ദൂരം യാത്ര ചെയ്യുന്ന ക്ലീൻ കേരള പ്രവർത്തകരുടെ യാത്രാ ബത്ത വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മേൽ തട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതും ആഡംബര ചെലവിന് കാരണമാകുന്നതുമായ പ്രചരണ പ്രവർത്തനങ്ങൾ തീർത്തുംകുറച്ച് അടിത്തട്ടിൽ ശുചിത്വ പ്രവർത്തനങ്ങളെ ജനകീയമാക്കുകയും എല്ലാ വീടുകളിലേക്കും എത്തുകയും ചെയ്യത്തക്കവിധം ബോധവൽക്കരണം ഊർജജിതമാക്കുകയും വേണം. പഞ്ചായത്തുകളിൽ പുതുതായി സൃഷ്ടിക്കപ്പെട്ട ജെ. എച്ച്.ഐ. തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്ക് പൂർണ്ണ ശുചിത്വ ചുമതല നൽകണമെന്നും, തദ്ദേശ ആരോഗ്യ സ്റ്റാൻഡിങ്ങു കമ്മിറ്റികളേയും, സ്റ്റിയറിങ്ങ് കമ്മിറ്റികളേയും ശുചിത്വ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന വിധം കൂടുതൽ പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു.

യോഗത്തിൽ പ്രസിഡന്റ് പി.വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ ശ്രീജിത്ത് തച്ചങ്കാട്, മണികണ്ഠൻ. കെ, പ്രവീൺ കുമാർ. കെ. എന്നിവർ ആശംസകൾ നേർന്നു. സജിത്ത് ഇബ്രാഹിം (കോട്ടയം) ജോസഫ്. ടി.എം. (പത്തനംതിട്ട) എന്നിവർ പ്രസംഗിച്ചു.

ഹേമകുമാർ. കെ.എസ്. (തിരുവനന്തപുരം), ഷൈനി വി. പി. (കോഴിക്കോട്) എന്നിവർ ചർച്ചയുടെ ഏകോപനം നിർവ്വഹിച്ചു. ചർച്ചയിൽ വിവിധ റിസോഴ്സ് പേഴ്സണമാർ, ഹരിത കർമ്മ സേന പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു. സീനത്ത്, അഷിത ഷബ്ന, സിമി കുര്യൻ, ഷിനി അഴിയൂർ, (കോഴിക്കോട്). ശ്രീകല (തിരുവനന്തപുരം) ആശ, ഷീജ, തൊടിയൂർ രാധാകൃഷൺ (കൊല്ലം), മഞ്ജുഷ, കുഞ്ഞിത് മാസ്റ്റർ തയ്യിൽ (പാലക്കാട്), വത്സരാജ്, രമണി (കാസർകോഡ്), ജാഫർ (കണ്ണൂർ), രാമചന്ദ്രൻ (തൃശൂർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisment