Advertisment

സ്വന്തം വീട്ടിലെ മാലിന്യം സ്വയം സംസ്ക്കരിക്കാൻ തയ്യാറാവണം; മന്ത്രി എം ബി രാജേഷ്

New Update

publive-image

Advertisment

തൃത്താല: സ്വന്തം വീട്ടിലെ മാലിന്യങ്ങൾ സ്വയം സംസ്കരിക്കാൻ എല്ലാവരും സന്നദ്ധരാവണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൂനമുച്ചിയിൽ എസ് വൈ എസ് തൃത്താല സോൺ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പാർലമെന്റിൽ പ്രാദേശിക വികസന കാഴ്ചപ്പാടുകൾ എന്ന സെഷനിൽ സദസ്സുമായി സംവദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ വസ്തുക്കളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങളെ ചുറ്റുപാടിനും അപരർക്കും പ്രത്യാഘാതങ്ങൾ ഉണ്ടാകും വിധം കയ്യൊഴിയുന്നതും പുറം തള്ളുന്നതും സാമൂഹിക ക്രമത്തിൽ വലിയ അപകടങ്ങൾ വിളിച്ചുവരുത്തും.

നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയുള്ള നിസ്സംഗതകളാണ് ബ്രഹ്മപുരം അഗ്നിബാധ പോലെയുള്ള സംഭവങ്ങൾക്ക് ഹേതു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ പിന്തുണ ആവശ്യമുള്ള കാലഘട്ടമാണിത്,നാട് ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ജല ലഭ്യത കുറവ് മൂലം ജലസേചനവും കൃഷിയും ദൈനംദിന താറുമാറാകുന്ന സ്ഥിതിയാണുള്ളത്.

ഈ ഘട്ടത്തിൽ കിണർ റീചാർജിങ് ഉൾപ്പെടെയുള്ള ബദൽ സംവിധാനത്തിന് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് പാർലമെന്റ് മുന്നോട്ടുവച്ച ഐടി വിദ്യാഭ്യാസ സ്ഥാപനം, അതിഥി തൊഴിലാളി സാക്ഷരതാ സംവിധാനം, ഡയാലിസിസ് വിപുലീകരണ സംവിധാനം, പ്രത്യേക കുടിവെള്ള പാക്കേജ് തുടങ്ങി വിഷയങ്ങളെ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അനുഭവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളെ ആശ്രയിക്കുന്ന പൊതു ജനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട പ്രയാസങ്ങൾ തീരെ ഇല്ലാതിരിക്കാൻ ഓഫീസിൽ പോലും വരേണ്ടതില്ലാത്ത വിധം ഓൺലൈൻ സംവിധാനം നിലവിൽ വരുത്തുകയാണ് തദ്ദേശ വകുപ്പിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കൃഷിക്ക് പ്രഥമ പരിഗണന നൽകി ഒട്ടനേകം പുരോഗമന പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മണ്ഡലത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണ പ്രസ്തുത വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിച്ചു.

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് അഹ്സനി ആനക്കര സദസ്സിനുവേണ്ടി മന്ത്രിയുമായി അഭിമുഖം നടത്തി. രാവിലെ എട്ടുമണിക്ക് മഹ്റത്തുൽ ബദ് രിയ ആത്മീയ മജ്ലിസോടെയാണ് യൂത്ത് പാർലമെന്റ് ആരംഭിച്ചത്. പി എം സി മുഹമ്മദ് ഹസൻ ഹാജി പതാക ഉയർത്തി. സമസ്ത കേന്ദ്രം മുശാവറ അംഗം താഴപ്ര മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് കൺസെപ്റ്റ് ടോക്ക്, വിഷൻ ക്വസ്റ്റ്,ലോക്കൽ ഹിസ്റ്ററി പേപ്പർ പ്രസന്റേഷൻ, കൃഷി തൊഴിൽ സംരംഭകത്വം വർക്ക്‌ ഷോപ്പ്, വിദ്യാഭ്യാസം ആരോഗ്യം പരിസ്ഥിതി ഫോക്കസ് പോയിന്റ്, ലിബറൽ മോഡേണിറ്റി സ്ത്രീ കുടുംബം ട്രൂടോക്ക്, പാർലമെന്റ് മെസ്സേജ്, നേർവഴിയുടെ ചുവടുകൾ എന്നിങ്ങനെ 9 സ്പെല്ലുകൾ നടന്നു.

മുഹമ്മദലി കിനാലൂർ, ബഷീർ ഫൈസി വെണ്ണക്കോട്, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എംവി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, യഅഖൂബ് പൈലിപ്പുറം, എ പി അഷ്റഫ്, ഡോക്ടർ അബ്ദുൽ ജബ്ബാർ, സുലൈമാൻ ചുണ്ടമ്പറ്റ, ഉമർ ഓങ്ങല്ലൂർ,സാദിക്ക് സഖാഫി പെരിന്താറ്റിരി, കെ ബി ബഷീർ, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, സയ്യിദ് ത്വാഹ തങ്ങൾ, രഹ്മതുല്ലാഹി സഖാഫി എളമരം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഉച്ചക്ക് രണ്ടുമണിക്ക് നടന്ന പ്രാദേശിക ചരിത്രം പി സുരേന്ദ്രൻ സദസുമായി സംവദിച്ചു.

Advertisment