/sathyam/media/post_attachments/3zyuPdxjy274Z22TntA4.jpg)
പാലക്കാട്:കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിനും ശമ്പളം നൽകാത്ത തൊഴിലാളി ദ്രോഹ ഭരണത്തിനെതിരെ കെഎസ്‌ടി എംപ്ലോയീസ് സംഘ് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധിച്ചു.
കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ഓണം ബോണസ് വരെ നിഷേധിച്ച സർക്കാർ വിഷുവിന് ശമ്പളവും നിഷേധിച്ചിരിക്കുകയാണെന്നും ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.
നാട് മുഴുവൻ ഈസ്റ്ററും വിഷുവും പെരുന്നാളും ആഘോഷിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടിൽ മാത്രം അടുപ്പു കത്തരുത് എന്ന പിടിവാശിയാണ് ഇടതു സർക്കാരിന്. തൊഴിലാളിയെ പട്ടിണിക്കിട്ട് പരുവപ്പെടുത്തി സ്ഥാപനത്തിന്റെ കണ്ണായ ഭൂമി കച്ചവടം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരന്റെ ശമ്പളം തുടർച്ചയായി നിഷേധിക്കുന്ന തൊഴിലാളിവിരുദ്ധ ഫാസിസ്റ്റ് സമീപനം ജീവനക്കാരേയും പൊതുസമൂഹത്തേയും അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ടി.വി.രമേഷ്കുമാർ, കെ.സുധീഷ് എന്നിവർ സംസാരിച്ചു. പി.പ്രമോദ്, എൽ.മധു, നാഗ നന്ദകുമാർ, പി.പ്രദീപ്കുമാർ, ശിവകുമാർ, എ.വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us