/sathyam/media/post_attachments/bD5A0zX4YZDP4Azcp1hc.jpg)
കരിമ്പ:കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് കഴിയുന്ന യുവാവിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ഒരുപക്ഷം. മീൻവല്ലം വിനോദസഞ്ചാര മേഖലയിലേക്ക് ഒരാളെയും കടത്തിവിടരുതെന്ന് മറ്റൊരു പക്ഷം. കാട്ടാനയെ നേരിടാൻ പകൽ നേരത്തു കൂടി ഫെൻസിങ് ഉറപ്പുവരുത്തണമെന്നും ആവശ്യം. ഫെന്‍സിങ്ങില്‍ തൊടാതെ അതി വിദഗ്ദ്ധമായി മറുകണ്ടം ചാടുന്ന ആനകൾ ഉണ്ടായിരിക്കെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് മറ്റൊരു കൂട്ടർ.
കാട്ടാന കലിക്കെതിരെ മൂന്നേക്കറിൽ കൂടിയ ജനകീയ സഭ പ്രക്ഷുബ്ധമായി. ചർച്ചയും വാഗ്വാദങ്ങളും എവിടെയും എത്താതെ ആയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് എംഎൽഎയുടെ സാന്നിധ്യത്തിൽ
വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മറ്റൊരു യോഗം വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
മൂന്നേക്കറിൽ ജനകീയ കൂട്ടായ്മ ഒരുക്കിയ പ്രതിഷേധത്തിന് ഇതോടെ താൽക്കാലിക വിരാമം. പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി മൂന്നേക്കർ സെന്ററിൽ നിന്ന് മീൻവല്ലം ഭാഗത്തേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. പട്ടാപ്പകൽ ആന വീട്ടുമുറ്റത്തെത്തി യുവാവിനെ ഗുരുതരമായി ആക്രമിച്ചതോടെ പരിഭ്രാന്തരായിരിക്കുകയാണ് മൂന്നേക്കറിലെ ജനങ്ങൾ.
മുമ്പ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത പകൽ നേരത്ത് പോലും ശല്യം കൂടുന്നുവെന്നാണ് പരാതി. ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചുള്ളിയാംകുളം ഇടവക വികാരി ജോബി മേലാമുറി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാഫർ,അനിത,തോമസ് പീറ്റർ, തുടങ്ങിയവർ സംസാരിച്ചു. സാബു ജോസഫ് സ്വാഗതവും, തങ്കച്ചൻ മാത്യൂസ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us