/sathyam/media/post_attachments/V61QzrdzQWaOIjFMPNNw.jpg)
പാലക്കാട്:സ്വന്തമായൊരു വീട് ആരുടേയും അതുല്യമായൊരു സ്വപ്നമായിരിക്കും. സ്വപ്നഭവനം സഫലമായാൽ, പിന്നെ ഗൃഹപ്രവേശന ചടങ്ങ് ആർഭാടമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാൽ തങ്ങളുടെ സ്വപ്നഭവനം രോഗികൾക്കും അശരണർക്കും കൂടി സഹായകരമാകണം എന്ന ആഗ്രഹത്തിൽ ഗൃഹപ്രവേശന ചടങ്ങ് മാതൃകാപരമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചിറ്റൂർ അണിക്കോട് സ്വദേശിയും ചിറ്റൂർ താലൂക്ക് ഓഫീസ് ജീവനക്കാരനുമായ രാജേഷ്.
രാജേഷിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഇ.ബി. രമേശ് ഗൃഹപ്രവേശത്തിന് നടപ്പിലാക്കിയ വേറിട്ട മാതൃക പിൻതുടരണമെന്ന ആഗ്രഹമറിയിക്കുകയായിരുന്നു. ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും വില്ലേജ് ഓഫീസറുമായ ഇ.ബി. രമേശ് ഗൃഹപ്രവേശനത്തിന് ലഭിച്ച പാരിതോഷിക തുകകൊണ്ട് നിർമ്മിച്ചത് മറ്റൊരു സ്നേഹ ഭവനം ആയിരുന്നു.
ഗൃഹപ്രവേശനത്തിന് പാരിതോഷികം പണമായി മാത്രം സ്വീകരിച്ചതിലൂടെ സമാഹരിച്ച മൂന്നര ലക്ഷം രൂപ കൊണ്ടാണ് ഒരു സഹോദരന് വീട് നിർമ്മിച്ചു നൽകിയത്. ചിറ്റൂർ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായ രാജേഷ് പിന്തുടരുന്നതും ജീവകാരുണ്യത്തിന്റെ ഈ മഹനീയ മാതൃകയാണ്.
പാരിതോഷികങ്ങൾ സ്നേഹപൂർവ്വം തരാൻ ഉദ്ദേശിക്കുന്നവർ പണമായി മാത്രം നൽകാൻ താല്പര്യപ്പെടുന്നു. ആ തുക മുൻകൂട്ടി തിരഞ്ഞെടുക്കപ്പെട്ട അശരണർക്കായി അന്നേദിവസം വിതരണം ചെയ്യുന്നതാണെന്ന് രാജേഷ് -രാജേശ്വരി ദമ്പതികൾ ക്ഷണക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ചയാണ് രാജേഷിന്റെ ഗൃഹപ്രവേശം.
ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർ ഒരു കൗണ്ടറിട്ട് വീടിനു മുന്നിലിരിക്കും. ആരിൽ നിന്നും രാജേഷും കുടുംബാംഗങ്ങളും പാരിതോഷികങ്ങൾ സ്വീകരിക്കില്ല. പകരം കൗണ്ടറിലേക്ക് വിരൽ ചൂണ്ടും. കൗണ്ടറിൽ കവറുകൾ നൽകുന്നവരുടെ പേരും സ്ഥലവും തുകയും അവിടെ സജ്ജമാക്കിയ ബിഗ് സ്ക്രീനിൽ തെളിയും.
വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം പോലെ ആകെ തുക ലൈവായി കണ്ടുകൊണ്ടേയിരിക്കാം. ലഭിച്ച ആകെ തുക പരസ്യമായി എണ്ണി തിട്ടപ്പെടുത്തി ചിറ്റൂർ തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്യുമെന്നും രാജേഷ് അറിയിച്ചു. ആധുനിക സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എങ്ങനെ ആവണം എന്നതിന് ഇതിൽപരം മാതൃക വേറെ എന്തുണ്ട് ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us