സത്യജിത് റേ നാഷണൽ അവാർഡ് 'പാട്ടുപെട്ടി'യുടെ സംവിധായകൻ മിഥുൻ മനോഹറിന്

New Update

publive-image

ഒറ്റപ്പാലം: സത്യജിത്ത് റേ ഫിലിം പുരസ്‌കാരം 'പാട്ടുപെട്ടി' ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മനോഹറിന്. തികച്ചും ഗ്രാമീണ ചാരുതയോടെയും ഗസൽ സദൃശമായ പാട്ടുകളോടെയും ചിത്രീകരിച്ച പാട്ടുപെട്ടി എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്ക്കാരം.

Advertisment

മെയ്‌ 30 ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മത്സരത്തിന് എത്തിയ 60 ചിത്രങ്ങളിൽ നിന്നാണ് പാട്ടുപെട്ടി തെരഞ്ഞെടുക്കപ്പെട്ടത്.നിർമ്മാതാവില്ലാതെ പൂർത്തിയാക്കിയ 'പാട്ടുപെട്ടി'ക്ക് അയ്യപ്പപ്പണിക്കർ സ്മൃതിപുരസ്കാരവും ലഭിക്കുകയുണ്ടായി.

ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് പ്രമേയപശ്ചാത്തലം എന്നിവയും മികച്ചതായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പടെ മുപ്പത്തഞ്ചിലധികം സിനിമകൾക്ക് പിന്നിൽ പല പ്രമുഖ സംവിധായകരോടൊപ്പവും പ്രവർത്തിച്ച മിഥുൻ മനോഹർ പരിത്രാണം, അടുക്കള, അപ്പുവിന്റെ അമ്മ, സഖാവ് നാരായണി, തുടങ്ങിയ ചെറു ചിത്രങ്ങളുടെയും സംവിധായകനാണ്.

നാനൂറിലേറെ പുസ്തകങ്ങൾ പുറത്തിറക്കിയ ചിത്രരശ്മി ബുക്സിന്റെ ഡയറക്ടർ കൂടിയായ മിഥുൻമനോഹർ സംവിധായകൻ എന്ന നിലക്ക് മാത്രമല്ല മലയാള സിനിമാചരിത്രം ആഴത്തിലും ആധികാരികമായും അറിയാവുന്ന ചലച്ചിത്ര നിരൂപകനുമാണ്. സിനിമ ചരിത്രം അവലോകനം ചെയ്യുന്ന മിഥുന്റെ 'മലയാള സിനിമയുടെ കഥ' എന്ന സോഷ്യൽ മീഡിയ പരമ്പര സിനിമയെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ വഴികാട്ടിയാണ്.

മകൻ കൃഷ്ണയും മകൾ രാജരാജേശ്വരിയും ഭാര്യ ദിവ്യശ്രീയും പുസ്തക പ്രസാധന രംഗത്തും ചലച്ചിത്ര മേഖലയിലും ഇദ്ദേഹത്തിന് കരുത്തായി കൂടെയുണ്ട്.

Advertisment