സുമയുടെ കടലാസ് പേനകളിൽ അതിജീവനത്തിന്റെ വിത്തുകൾ...

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

പാലക്കാട്:പോളിയോ ബാധിച്ച് ഇരുകാലുകൾക്കും സ്വാധീനമില്ലാതെ കഴിയുന്ന സുമയുടെ കടലാസ് പേനകളിൽ അതിജീവനത്തിന്റെ വിത്തുകളാണുള്ളത്‌. ജന്മനാല്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലും നാല് ചുവരുകള്‍ക്കുള്ളിലും കഴിയുന്ന സുമയുടെ കടലാസ് പേനകള്‍

Advertisment

നമ്മൾ വാങ്ങുമ്പോൾ അതൊരു ജീവിതത്തിനു പ്രതീക്ഷ പകരലാണ്.

കാവശ്ശേരി പാടൂർ നടക്കാവ് പള്ളത്ത് വീട്ടിൽ വാസു-കമലം ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് സുമമോൾ. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. പ്രകൃതിക്ക് ദോഷമില്ലാത്ത ഈ കടലാസ് പേനകള്‍ വാങ്ങുന്നതിലൂടെ പ്രകൃതിയെയും ഒരു കുടുംബത്തെയും നമുക്ക് കരം പിടിച്ചു മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കും.

കമ്പനി റീഫില്‍ ഉപയോഗിച്ചും പലതരം വര്‍ണ്ണ കളര്‍ പേപ്പറുകള്‍ ഉപയോഗിച്ചും പേനകൾ നല്‍കി വരുന്നുണ്ട്. ഓരോ പേനക്കുള്ളിലും വിത്തുകൂടി വച്ചിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ പേപ്പര്‍ മണ്ണില്‍ ദ്രവിക്കുകയും അതിനകത്തെ വിത്ത് മുളച്ച് ഒരു കുഞ്ഞ് തൈ ഉണ്ടായി പ്രകൃതിയെ പച്ചപ്പണിയിപ്പിക്കുകയും ചെയ്യുന്നു. പേനയില്‍ സ്ഥാപനത്തിന്‍റെയും വ്യക്തികളുടെയും വിവാഹ ആശംസകളുടെയും  പരസ്യമാറ്ററും സ്റ്റിക്കറായി പതിച്ച് നല്‍കുന്നുമുണ്ട്.

ഈ അധ്യയന വർഷം കടലാസ് കൊണ്ടുള്ള പ്രകൃതി സൗഹാർദ പേനകൾ വാങ്ങിക്കാൻ നമ്മൾ തീരുമാനിച്ചാൽ സുമയെ പോലുള്ളവർക്ക് കൈത്താങ്ങാകും. സംസ്ഥാന പാരാലിംബിക് അതിലറ്റിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, റൈഫിൽ ഷൂട്ടിംഗ് എന്നിവയിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ വ്യക്തിയാണ് സുമ.

ഭര്‍ത്താവ് അനിലിന് കൂലിപണിയാണ്. ജീവിതം കൊണ്ട് പരസ്പരം തണൽ മരമായവർ. പ്ലസ് ടു തുല്യതാ പഠന വേളയിലാണ് അനിൽ സുമയെ പരിചയപ്പെടുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചർച്ച പിന്നീട് രണ്ടുപേരെയും ഇണയും തുണയുമാക്കി. ഇച്ഛാശക്തി കൊണ്ട് പരിമിതിയെ മറികടക്കുകയാണ് സുമ.

പരസഹായം ഇല്ലാതെ നിൽക്കാൻ പോലുമാവില്ല. താമസിക്കാൻ സ്വന്തമായി വീടുംസ്ഥലവുമില്ലാത്ത സുമയും അനിലും വീണ്ടും സ്വപ്നങ്ങൾ നെയ്യുകയാണ്. ആരുടെ മുന്നിലും കൈ നീട്ടാതെ പേപ്പർ പേനകൾ ഉണ്ടാക്കി വിറ്റ് ചെറുതെങ്കിലും ഒരു സ്ഥിര വരുമാനമാർഗ്ഗം നേടുകയാണ്. പേനകൾ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 9526189874

Advertisment