പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഹരിതം ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മങ്കര വെസ്റ്റ് ബേസിക് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ തൈകൾ നടുന്നു

പാലക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹരിതം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. കല്ലിപ്പാടം ആരിയഞ്ചിറ യു.പി. സ്കൂളിലെ ഹരിതം ക്ലബ്ബ് പ്രവർത്തനങ്ങൾ സംസ്ഥാന ജൈവ കാർഷിക അവാർഡ് ജേതാവ് എ. നാരായണൻ മാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. എസ്.എസ്. ചെയർമാൻ കെ. അശോകൻ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ എസ്. ശാന്തിലാൽ, അധ്യാപകൻ കെ. മുഹമ്മദ് ഷിയാസ്, അധ്യാപിക എ. മിനി എന്നിവർ പങ്കെടുത്തു.

കരിമ്പുഴ എ.എം.എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം കർഷക അവാർഡ് ജേതാവ് പി. മൊയ്തീൻ നാട്ടുമാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പച്ചവിരിക്കാൻ കൈകോർത്ത് എന്നതിൻ്റെ ഭാഗമായി തോട്ടര ഓട്ടോസ്റ്റാൻ്റ് സൗന്ദര്യവത്ക്കരിക്കാൻ വിദ്യാർത്ഥികൾ പൂച്ചെടികൾ കൈമാറി. മഴയെത്താൻ വൈകുന്നതിനാൽ പക്ഷികൾക്ക് ദാഹജലത്തിനായി വിദ്യാർത്ഥികൾ പാത്രങ്ങളിൽ വെള്ളം നിറച്ചുകൊണ്ട് ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

എഴുവന്തല എ.എം.എൽ.പി സ്കൂൾ ഈസ്റ്റിൽ വ്യത്യസ്തമായാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. മരത്തൈ നട്ടതോടൊപ്പം വിദ്യാലയത്തിലെ ഒൻപത് ജോഡി ഇരട്ടക്കുട്ടികൾക്ക് വൃക്ഷത്തൈ നൽകിയാണ് പരിപാടി വ്യത്യസ്തമാക്കിയത്. വൃക്ഷ തൈകൾ ആൾ ഇന്ത്യ വീരശൈവ സഭ സെകട്ടറി വിഷ്ണു നെല്ലായ വിതരണം ചെയ്തു. വിത്തുകളുടെ വിതരണം പി.ടി.എ പ്രസിഡന്റ് എൻ.കെ കൃഷ്ണ പ്രസാദ് നിർവഹിച്ചു.

വിത്തു പേന പരീശീലനക്കളരിക്ക് പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ എം. അജിത് ഘോഷ് നേതൃത്വം നൽകി. വിദ്യാലയം നിർമ്മിച്ച തുണി സഞ്ചിയുടെ വിതരണോദ്ഘാടനം രാജേഷ് സംസ്കൃതി നിർവഹിച്ചു. നെല്ലായ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദ് ഷാഫി, പ്രധാനധ്യാപകൻ എം. ബാബു, സ്റ്റാഫ് സെക്രട്ടറി വി.കെ. സജി, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment