/sathyam/media/post_attachments/CYlQfoUTz9ekh8EIextF.jpg)
നെല്ലിയാമ്പതിയിലെത്തിയ വിനോദ സഞ്ചാരികൾ കുരങ്ങൻമാർക്ക് മദ്യം നൽകുന്നു. ചിത്രം പകർത്തിയത് ജ്യോതിഷ് പുത്തൻസ്
നെല്ലിയാമ്പതി:വിനോദസഞ്ചാരികൾ ചുരംപാതയിലെ കുരങ്ങുകൾക്ക് മദ്യം നൽകാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പോത്തുണ്ടി കൈകാട്ടി ചുരംപാതയിൽ 14-ാം വ്യൂ പോയിന്റിനു സമീപം വാഹനത്തിലിരുന്ന് വഴിയരികിലെ കുരങ്ങുകൾക്ക് മദ്യം നൽകാൻ വാഹനത്തിന്റെ വാതിൽ തുറന്ന് മദ്യക്കുപ്പി തുറന്ന് കുരങ്ങന്മാർക്ക് നേരെ നീട്ടുകയായിരുന്നു.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വനംവകുപ്പ് നടപടി തുടങ്ങിയത്. വീഡിയോയും ചിത്രവും പകർത്തിയത് മറ്റൊരു വാഹന യാത്രക്കാരനായ ഫോട്ടോഗ്രാഫർ ജ്യോതിഷ് പുത്തൻസ് ആയിരുന്നു.
സംഭവം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനത്തെയും ഉടമയെയും തിരിച്ചറിഞാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്. നെല്ലിയാമ്പതി വനം അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധിച്ച ശേഷമാണ് മേൽ നടപടികൾ സ്വീകരിച്ചത്.
വിനോദസഞ്ചാരികളോട് ഭക്ഷണവും മറ്റും ആവശ്യപ്പെട്ട് കുരങ്ങുകളും മറ്റും പാതയരികിൽ നിൽക്കുന്ന കാഴ്ച നെല്ലിയാമ്പതിയിൽ പതിവാണ്. കുരങ്ങുകൾക്ക് മറ്റും ഭക്ഷണം നൽകരുതെന്ന് ചെക്ക് പോസ്റ്റിൽ നിന്ന് നിർദ്ദേശം നൽകാറുണ്ടെങ്കിലും പല യാത്രക്കാരും കുരങ്ങുകൾക്ക് ബിസ്ക്കറ്റ്, കടല, തുടങ്ങിയ ഭക്ഷ്യവസ്തുക്കളും നൽകാറുണ്ട്.
ആദ്യമായാണ് കുരങ്ങുകൾക്ക് മദ്യക്കുപ്പി തുറന്ന് നൽകിയ സംഭവം ഉണ്ടായത്. വനംവകുപ്പ് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ മുൻകരുതല്‍ ബോർഡുകൾ ഉണ്ടെങ്കിലും വിനോദസഞ്ചാരികൾ ഇത് അവഗണിക്കുകയാണ്.
വന്യജീവികളെ ഉപദ്രവിക്കുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം മൂന്നുവർഷം വരെ തടവോ 25,000 രൂപവരെ പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us