/sathyam/media/post_attachments/Di7Y3TXrb8HTF4CZeivD.jpg)
പാലക്കാട്: തരിശു ഭൂമിയെ പൊന്നു വിളയുന്ന കൃഷിയിടമാക്കി മാറ്റിയ ഊർജ്ജസ്വലയായ ജൈവകർഷക പുതുശ്ശേരി പള്ളത്തേരി മാരുതി ഗാർഡൻ കർഷകശ്രീ ഭുവനേശ്വരി അമ്മയുടെ തോട്ടത്തിൽ അമേരിക്കയിലെ കാർണെഗി മെലോണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡാനയും ഇലോനയും എത്തി.
കേരളത്തിന്റെ പാരമ്പര്യ കാർഷിക പാഠങ്ങളും ആധുനിക കൃഷിരീതികളിലും ഗവേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. പാലക്കാടൻ ഗ്രാമങ്ങൾ പ്രശാന്തസുന്ദര ഇടങ്ങളാണെന്ന് ഇവർ നിരീക്ഷിക്കുന്നു. കേരളത്തിന്റെ പ്രകൃതി ഭംഗി ഇത്രയേറെ മനോഹരമാണെങ്കിലും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന മാലിന്യം കാർഷിക പെരുമയുള്ള ഈ നാട് നശിക്കാൻ കാരണമാകുന്നതായും ഗവേഷക വിദ്യാർത്ഥിനികളായ ഡാനയും ഇലോനയും അഭിപ്രായപ്പെടുന്നു.
കാർണെകി മെലൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ തിരുവനന്തപുരം സ്വദേശി ദിവാകരൻ ലിജിൻ ലാലിന്റെ കീഴിലാണ് ഇവർ കേരള സന്ദർശനവും കൃഷി പഠനവും നടത്തുന്നത്. കൃഷിയെ സ്നേഹിക്കുന്ന, കൃഷി ചെയ്യുന്ന, കൃഷി ചെയ്യാനാഗ്രഹിക്കുന്ന എല്ലാവരും പഠിച്ചിരിക്കേണ്ടതാണ് മനോരമ കർഷകശ്രീ അവാർഡ് നേടിയ ഭുവനേശ്വരിയെ.
"ആദ്യം പശു വളർത്തലാണ് തുടങ്ങിയത്. പല ഇനങ്ങളിലുള്ള 14 പശുക്കളുണ്ടായിരുന്നു. നല്ല ഭക്ഷണം കഴിക്കാൻ രാസവളമില്ലാതെ സ്വന്തം മണ്ണിൽ സ്വയം അധ്വാനിച്ച് കൃഷി ചെയ്യുന്നു. ഈ മണ്ണിൽ ഇതുവരെ ജൈവവളമല്ലാതെ വേറൊന്നും ഉപയോഗിച്ചിട്ടില്ല. പശുവിന്റെ മൂത്രവും ചാണകവുമാണ് പ്രധാന വളം. എന്തു കിട്ടിയാലും നമ്മുടെ യുക്തിക്കനുസരിച്ച് വളമാക്കി മാറ്റുക എന്നതാണ് എന്റെ തത്വം". തരിശിൽ നിന്നു നൂറു മേനി വിളയിച്ച അനുഭവം പങ്കിടുകയാണ് ഭുവനേശ്വരി.
മികച്ച കാർഷിക പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും നേരനുഭവത്തിനാണ് ഡാനയും ഇലോനയും എത്തിയിട്ടുള്ളത്. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും സമൂഹത്തിലേക്കിറങ്ങി കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുമായി എത്തിയ ഇവർ പല നാട്ടു പ്രദേശങ്ങളും കർഷക കുടുംബങ്ങളെയും സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us