സമുദായത്തിനും പൊതു സമൂഹത്തിനും തീരാനഷ്ടം-കെ.ഐ.സി
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും, എസ്.വൈ.എസ് അധ്യക്ഷനും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പരമോന്നത നേതാവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
കേരളത്തിലെ മത സാമൂഹിക സാംസ്കാരിക സേവന രംഗത്തെ അതുല്യ വ്യക്തിത്വത്തിന് ഉടമയും, സമാശ്വാസത്തിന്റെ പ്രകാശ ഗോപുരവുമായിരുന്ന അദ്ദേഹം മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുളള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാതൃകയയിരുന്നു.
കേരളീയ പൊതു സമൂഹത്തില്‍ ഏവരാലും ആദരിക്കപ്പെടുന്ന തങ്ങളവര്‍കള്‍ തന്റെ പൂര്‍വീകരുടെ പാത പിന്തുടര്‍ന്ന്, മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിലും, സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.
കേരളത്തിലെ ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡണ്ട്, തുടങ്ങി നിരവധി സ്ഥാനങ്ങളും ചുമതലകളും വഹിച്ചിരുന്നു.
ശംസുല്‍ ഉലമ, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത പ്രമുഖര്‍ ഗുരുനാഥന്‍മാരായിരുന്നു.
ജവിതം തന്നെ സമുദായത്തിന്റെ ഉന്നതിക്കും, പൊതു പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നീക്കിവെച്ച മഹാനവര്‍കളുടെ വേര്‍പാട് പ്രസ്ഥാനത്തിനും, പൊതു സമൂഹത്തിനും തീരാനഷ്ടമാണെന്നും കെ.എ.സി ഭാരവാഹികള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.
സമൂഹനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി ജീവിതം മാറ്റിവെച്ച മനുഷ്യ സ്നേഹി: കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ്
സമൂഹനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി ജീവിതം മാറ്റിവെച്ച മനുഷ്യ സ്നേഹിയായ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.
അഗതികൾക്കും അനാഥർക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണെന്ന് പ്രെസിഡന്റ് ഷെറിൻ മാത്യു വാർത്ത കുറിപ്പിൽ അറിയിച്ചു.
പക്വതയിലും പാണ്ഡിത്യത്തിലും മഹാ മാതൃകയായ കർമ്മ ശ്രേഷ്ഠന്‍: ഐഎംസിസി കുവൈറ്റ് കമ്മിറ്റി
പക്വതയിലും പാണ്ഡിത്യത്തിലും നേതൃപാടവത്തിലും സംഘാടന ശേഷിയിലും മഹാ മാതൃകയായ കർമ്മ ശ്രേഷ്ഠനായിരുന്നു ഹൈദർ അലി തങ്ങളെന്ന് ഐഎംസിസി കുവൈറ്റ് കമ്മിറ്റി.
വിയോജിക്കുന്നവർ പോലും ബഹുമാനിച്ചിരുന്ന മഹാവ്യക്തിത്വം. പാണക്കാട് കുടുംബത്തിലെ മറ്റൊരു സാത്വിക നക്ഷത്രം. തങ്ങളവർകളുടെ വിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായി സത്താർ കുന്നിൽ (പ്രെസിഡെന്റ്), ശരീഫ് താമരശ്ശേരി (ജ. സെക്രട്ടറി), അബൂബക്കർ എ ആർ നഗർ മലപ്പുറം, (ട്രെഷറർ) എന്നിവര്‍ പറഞ്ഞു.