പത്തനംതിട്ട: കോന്നി വകയാർ മേഖലയിൽ വീണ്ടും പുലിയെ കണ്ടെന്ന് അഭ്യൂഹം . കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ അനി സാബു ഇത് സംബന്ധിച്ച് വനം വകുപ്പിലും പോലീസിലും വിവരം അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ വകയാർ സാറ്റ് ടവർ സ്ഥലത്തുകൂടി പുലി ഓടി പോകുന്നതായി അന്യ സംസ്ഥാന തൊഴിലാളികൾ കണ്ടതായി പറയപ്പെടുന്നു . പിന്നീട് ഞായറാഴ്ച വൈകിട്ട് വകയാർ മന്ത്ര പാറ മേഖലയിൽ പുലിയെന്നു സംശയിക്കുന്ന ജീവി ഓടി പോയതായും പ്രദേശ വാസികൾ പറയുന്നു .
മന്ത്ര പാറയ്ക്ക് അടുത്ത് ഏക്കർ കണക്കിന് റബർ തോട്ടം കാട് കയറികിടക്കുകയാണ്. വന്യമൃഗങ്ങൾ ഇതിനുള്ളിൽ ഉണ്ടെങ്കിൽ കണ്ടെത്തുക പ്രയാസം ആണ്. കൂടൽ കലഞ്ഞൂർ മേഖലയിൽ പുലിയെ കണ്ടെത്തിയതോടെ വകയാർ മേഖലയിലും ജനങ്ങൾ ഭീതിയിൽ ആണ് .
പുലിയെ പിടിക്കാൻ വനം വകുപ്പ് കൂടൽ മേഖലയിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം ഞായറാഴ്ച മുതൽ ഡ്രോൺ പരിശോധനയും നടക്കുന്നു .ഇതിനിടയിൽ ആണ് വകയാർ മേഖലയിൽ പുലിയെ കണ്ടെന്നുള്ള അഭ്യൂഹം കൂടി വരുന്നത് .