/sathyam/media/post_attachments/4Wwn22xhXIhTTBzi4G74.jpg)
പാലക്കാട്:ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ ആരോഗ്യമേഖലയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് ഐഎംഎ പാലക്കാട് ചെയർമാൻ ഡോ. കെ. വേലായുധൻ. പ്രതികളെ ശിക്ഷിക്കുന്നതിന് പകരം രക്ഷിക്കാനാണ് പോലീസും നിയമ സംവിധാനങ്ങളും ശ്രമിക്കുന്നതെന്നും ഡോ. വേലായുധൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷക്കാലത്തിനകത്ത് ഡോക്ടർമാർക്കെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയും നൂറോളം ആക്രമണങ്ങളാണ് നടന്നത്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലെ ഡോ. ജയകൃഷ്ണന് നേരെ നടന്ന ആക്രമണമാണ് അവസാന സംഭവം.
ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതിൽ പോലീസും മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും ഉൾപ്പെട്ടിട്ടുണ്ട്. യഥാസമയം കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരം പ്രതികളെ രക്ഷിക്കാനാണ് നിയമസംവിധാനങ്ങൾ ശ്രമിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മനുഷ്യാവകാശ കമ്മീഷനാ വനിത കമ്മിഷനൊ ഇടപെടുന്നില്ലെന്നത് ഖേദകരമാണ്. ആശുപത്രി സംരക്ഷണ നിയമമുണ്ടെങ്കിലും ഇത് നടപ്പിലാക്കാനും പോലീസും നിയമ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല.
ഈ സാഹചര്യത്തിൽ ആശുപത്രിയും പരിസരവും സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. ആക്രമണങ്ങളെ വെച്ചുപൊറിപ്പിക്കുന്ന സമീപനം ഐഎംഎ സ്വീകരിക്കില്ല. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ ചികിത്സയെ ബാധിക്കുമെന്ന് പൊതുജനങ്ങൾ ചിന്തിക്കണമെന്നും ഡോ. വേലായുധൻ ആവശ്യപ്പെട്ടു.
കൺവീനർ ഡോ. രസിത ഗിരീഷ്, ഡോ. ചന്ദ്രശേഖരൻ സി.കെ, ഡോ. പി രാജഗോപാലൻ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us