ഖത്തറില്‍ 46 കാരനായ മലയാളി യുവാവ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മരണം ഭാര്യയും ഏക മകളും അവധിയ്ക്ക് നാട്ടിലായിരിക്കെ ! മരണവിവരം അറിഞ്ഞത് നാട്ടില്‍നിന്നും വിളിച്ച ഭാര്യയുടെ ഫോണ്‍ എടുക്കാതെ വന്നതോടെ...

New Update

publive-image

ഖത്തര്‍:നാല്‍പ്പത്തിയാറുകാരനായ മലയാളി യുവാവ് ദോഹയിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദോഹ ഫാമിലി ഫുഡ് സെന്‍റര്‍ സെയില്‍ മാര്‍ക്കറ്റിംങ്ങ് വിഭാഗം സ്റ്റാഫും കട്ടപ്പന ചെമ്പകപ്പാറ സ്വദേശിയുമായ ചങ്ങന്‍കേരില്‍ ജോഷി നിക്കളാവോസ് ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

Advertisment

ഹമദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഭാര്യ റിന്‍സി മാളിയേക്കല്‍ 10 ദിവസത്തെ അവധിക്കായി മകള്‍ക്കൊപ്പം നാട്ടിലായിരുന്നു. ഇതിനിടെ ഞായറാഴ്ച വൈകിട്ട് റിന്‍സി ജോഷിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഭാര്യയും മകളും നാട്ടിലേയ്ക്ക് പോയപ്പോള്‍ താമസസ്ഥലത്ത് ജോഷി ഒറ്റയ്ക്കായിരുന്നു.

ജോഷിയെ ഫോണില്‍ കിട്ടാതെ വന്നതോടെ റിന്‍സി ജോഷിയുടെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. ഇയാള്‍ താമസ സ്ഥലത്തുവന്ന് മുറിയില്‍ തട്ടിയിട്ടും വാതില്‍ തുറന്നില്ല. ഇതോടെ അയല്‍ക്കാര്‍ ചേര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി മുറി തുറക്കുകയുമായിരുന്നു.

മുറി തുറന്നപ്പോള്‍ ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏക മകള്‍ ജൊവാന. സംസ്കാരം ചെമ്പകപ്പാറ സെന്‍റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയില്‍ നടക്കും.

ഖത്തറിലെ ഇടുക്കി അസോസിയേഷന്‍ (ഐഡിയ) സജീവാംഗമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment