Advertisment

സമുദ്ര സുരക്ഷയിൽ ഇൻഡോ - സൗദി സഹകരണം വിളിച്ചോതി ജുബൈൽ കടലിൽ സംയുക്ത നാവികാഭ്യാസം; 'അൽമുഹീത്ത്‌ അൽഹിന്ദിയ്യ് 2021' ൽ പങ്കെടുക്കുന്നത് ഐഎൻഎസ് കൊച്ചി പടക്കപ്പൽ

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപ്രധാന സുദൃഢ ബന്ധങ്ങളുടെ നേർക്കാഴ്ചയായി ഇരു രാജ്യങ്ങളുടെയും നാവിക വിഭാഗങ്ങൾ പങ്കെടുക്കുന്ന നാവികാഭ്യാസവും പരിശീലവും.

ഇൻഡോ - സൗദി സ്ട്രാറ്റജിക് സഹകരണത്തിന്റെ പതാക പാറുന്ന സംയുക്ത പരിശീലനം അറേബ്യൻ ഗൾഫ് മേഖലയിൽ നാവിക സഞ്ചാര സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും ഉറപ്പാക്കുന്നതിൽ സുപ്രധാനമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയും സൗദിയും സംയുക്ത നാവികാഭ്യാസം നടത്തുന്നത് ഇതാദ്യമായാണ്. നാവികാഭ്യാസം വാരാന്ത്യം വരെ നീണ്ടുനിൽക്കും.

'അൽമുഹീത്ത്‌ അൽഹിന്ദിയ്യ് 2021" (ഇന്ത്യൻ ഓഷ്യൻ 2021) എന്ന നാമകരണത്തിലുള്ള ഇൻഡോ - സൗദി നാവികാഭ്യാസം അറേബ്യൻ ഗൾഫിൽ സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ പെടുന്ന ജുബൈൽ കടലിലാണ് അരങ്ങേറുന്നത്.

സമുദ്ര സുരക്ഷയും അതിലെ സഹകരണവും വിളിച്ചോതുന്ന ഇൻഡോ - സൗദി സംയുക്ത നാവികാഭ്യാസത്തിൽ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സന്നാഹങ്ങൾക്കൊപ്പം ഇന്ത്യയുടെ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്‍റെ മുൻനിര പടക്കപ്പലായ ഐഎൻഎസ് കൊച്ചി പങ്കെടുക്കുന്നു. പ്രതിരോധ സഹകരണത്തിലൂന്നിയ സംയുക്ത നീക്കങ്ങളാണ് ലക്ഷ്യം.

നാവിക രംഗത്തെ സൈനിക സഹകരണം ശക്തിപ്പെടുത്തുകയെന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് സൗദി കിഴക്കൻ നാവിക വ്യൂഹത്തിന്റെ കമാൻഡർ റിയർ അഡ്മിറൽ മജീദ് ബിൻ ഹസ്സ അൽഖഹ്താനി വിശദീകരിച്ചു.

അതോടൊപ്പം, ഇരു സൈന്യങ്ങളുടെയും അനുഭവങ്ങൾ കൈമാറുക, സംയുക്ത സൈനിക നീക്കം സംബന്ധിച്ച ആശയങ്ങൾ, നടപടികൾ, കീഴ്‌പെടുത്തൽ, നായകത്വം, കമ്മ്യൂണിക്കേഷൻ എന്നിവ ഏകീകരിപ്പിക്കുക തുടങ്ങിയവയും സംയുക്ത പരിശീലനം കൊണ്ട് ഉദ്യേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ൽ തന്നെ സംയുക്ത നാവികാഭ്യാസം സംബന്ധിച്ച ആസൂത്രണം ആരംഭിച്ചിരുന്നെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ വൈകുകയായിരുന്നു. ഇപ്പോൾ ഇത് അരങ്ങേറുന്നതാകട്ടെ ഗൾഫ് സമുദ്രമേഖലയിൽ അസ്വാരസ്യം ഉയർന്നിരിക്കുന്ന സാഹചര്യത്തിലുമാണ്.

ഒരാഴ്ച മുമ്പ് ഒരു വാണിജ്യ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ബ്രിട്ടീഷ് പൗരനും റൊമാനിയക്കാരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. മെർസർ സ്ട്രീറ്റ് എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ ആണ് പ്രതിസ്ഥാനത്ത്.

തിങ്കളാഴ്ചയാണ് ഇന്ത്യയുടെ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്‍റെ മുൻനിര പടക്കപ്പലായ ഐഎൻഎസ് കൊച്ചി ജുബൈൽ തുറമുഖത്തെത്തിയത്. തദ്ദേശീയമായി രൂപ കൽപന ചെയ്ത ഈ പടക്കപ്പൽ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിലൊന്നാണ്.

രാജ്യം വികസിപ്പിച്ച മികച്ച സംവിധാനങ്ങളും ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ഫോൾഡബിൾ ഹാംഗർ ഡോറുകൾ, ഹലോ ട്രാവേഴ്സിംഗ് സിസ്റ്റം, സ്റ്റെബിലൈസറുകൾ എന്നിവ ഈ പടക്കപ്പലിന്റെ സവിശേഷതകളാണ്. അന്തരീക്ഷത്തിൽ നിന്നും കടലിൽ നിന്നും വെള്ളത്തിനടിയിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ഭീഷണിയേയും നിർവീര്യമാക്കാൻ അത്യാധുനിക ആയുധശേഖരങ്ങളും സെൻസറുകളും ഐഎൻഎസ് കൊച്ചിയിൽ സംഭരിച്ചിട്ടുണ്ട്.

ഇതിന് മുമ്പും പലതവണ വിവിധ സുഹൃദ് വിദേശ നാവിക സേനകളുമായി സംയുക്ത അഭ്യാസങ്ങളിൽ ഈ പടക്കപ്പൽ പങ്കുചേർന്നിട്ടുണ്ട്. 2015 സെപ്തംബർ 30 നാണ് ഐഎൻഎസ് കൊച്ചി കമ്മീഷൻ ചെയ്തത്. ഇന്ത്യൻ അംബാസഡർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, സമൂഹത്തിലെ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഐ എൻ എസ് കൊച്ചി പടക്കപ്പൽ സന്ദർശിച്ചു.

soudi news
Advertisment