Advertisment

അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂഥികളുടെ ഡ്രോൺ ആക്രമണം ! അറബ് സഖ്യസേന തകർത്തിട്ടു; അവശിഷ്ടങ്ങൾ പതിച്ച് നാല് തൊഴിലാളികൾക്ക് പരിക്ക്; വിമാനത്താവളം താൽകാലികമായി പ്രവർത്തനം നിർത്തി; ഡ്രോൺ വിക്ഷേപണ കേന്ദ്രം തകർത്തു !

New Update

publive-image

Advertisment

ജിദ്ദ: യമനിലെ വിമതരായ ഹൂഥി കലാപകാരികളുടെ സൗദിയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ വീണ്ടും. ദക്ഷിണ സൗദിയിലെ അബഹ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കി ഹൂഥികൾ വിട്ട സ്‌ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം വെടിവെച്ചിട്ടതായി അറബ് സഖ്യസേനാ വാക്താവ് ബുധനാഴ്ച വൈകീട്ട് വെളിപ്പെടുത്തി.

തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളേറ്റു. ഇവർ വിമാനത്താവളത്തിലെ തൊഴിലാളികളാണ്. ഡ്രോൺ തൊടുത്തു വിടുന്ന കേന്ദ്രങ്ങൾ കണ്ടെത്തി തകർക്കുന്ന കാര്യം തുടരുമെന്നും സഖ്യസേനാ വാക്താവ് തുടരന്നു. വിമാനത്താവളങ്ങൾ പോലെ പൊതുജനങ്ങൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം യുദ്ധകുറ്റമാണ്.

തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വിമാനത്താവള കെട്ടിടത്തിലെ ചില്ലുകളിലും മറ്റും കേടുപാടുകൾ വരുത്തുകയും നാല് തൊഴിലാളികൾക്ക് നിസ്സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന് അകത്തെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചതായും എന്നാൽ, പരിസങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ നടക്കുന്നതായും അറബ് ചാനലായ അൽഅഖ്ബാരിയ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹൂഥികൾ ഡ്രോണുകളിൽ സ്‌ഫോടക വസ്തുക്കൾ നിറക്കാനും തൊടുത്തു വിടാനും ഉപയോഗിക്കുന്ന യമനിലെ അൽജൗഫിലുള്ള ഡ്രോൺ വിക്ഷേപണ ഇടങ്ങൾ കണ്ടെത്തിയതായും അവ തകർത്തതായും അൽഅഖ്ബാരിയ റിപ്പോർട്ട് തുടർന്നു. അറബ് സഖ്യസേന തകർത്ത ഹൂഥികളുടെ വിക്ഷേപണ കേന്ദ്രത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച മൂന്ന് ബോട്ടുകൾ കണ്ടെത്തിയതായും അവ തകർത്തതായും റിപ്പോർട്ട് പറയുന്നു. സൗദിയ്ക്ക് നേരെ നടത്താനായി തയാറെടുത്തു കൊണ്ടിരിക്കുന്ന ബോട്ടുകളാണ് തകർത്തത്.

അതേസമയം, അബഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണ നീക്കത്തെ വിവിധ കേന്ദ്രങ്ങൾ ശക്തിയായി അപലപിച്ചു. സാധാരണ ജനങ്ങൾ വന്ന് പോകുന്ന കേന്ദ്രങ്ങളിൾക്ക് നേരെ ഹൂഥികൾ നടത്തുന്ന ശത്രുതാപരമായ സംഹാര നീക്കങ്ങളിൽ രാജ്യാന്തര തലത്തിലുള്ള പ്രതിഷേധം തുടരുകയാണ്. ആക്രമണം മനുഷ്യത്വ രഹിതമാണെന്നതിന് പുറമെ യമൻ പ്രശ്നം പരിഹരിക്കാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ തകർക്കുന്നത് കൂടിയാണ്.

കഴിഞ്ഞ മാസവും അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നന്നിരുന്നു. അന്നത്തെ ആക്രമണത്തിൽ നാലു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ടെര്‍മിനലിെൻറ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൊട്ടുകയും ചെയ്തിരുന്നു. പരിക്കേറ്റ തൊഴിലാളികളിൽ രണ്ട് പേർ ഇന്ത്യക്കാരായിരുന്നു.

saudi news
Advertisment