Advertisment

ആറു വർഷമായി അവധി ലഭിക്കാതെ കുടുങ്ങിയ തമിഴ്‌നാട്‌ സ്വദേശികൾ നാടണഞ്ഞു; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ

New Update

publive-image

Advertisment

മുഹമ്മദ് അബ്ദുൽ റഹീം, ഹാജി മുഹമ്മദ്, മുഹമ്മദ് മുഹാജിർ എന്നിവർ ജിദ്ദ വിമാനത്താവളത്തിൽ സോഷ്യൽ ഫോറം തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡണ്ട് മുഹമ്മദ് മുഹിദ്ദീനോടൊപ്പം

ജിദ്ദ: ത്വായിഫിലെ ഒരു ഹോട്ടലിൽ ജോലിക്കെത്തി അവധി ലഭിക്കാതെ വിഷമിച്ച മൂന്നു തമിഴ്‌നാട് സ്വദേശികൾ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാരുടെ ഇടപെടലിലൂടെ നാടണഞ്ഞു. തമിഴ്‌നാട്‌ കടലൂർ ജില്ലയിലെ ലാൽപ്പേട്ട സ്വദേശികളായ മുഹമ്മദ് അബ്ദുൽ റഹീം, ഹാജി മുഹമ്മദ് , മുഹാജിർ മുഹമ്മദ് എന്നിവരാണ് ത്വായിഫിലേക്കു ഹോട്ടൽ ജോലിക്കുള്ള വിസയിൽ എത്തിയത്.

കരാർ കാലാവധി കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ അവധി നൽകാതെ നിരന്തരം ജോലി ചെയ്യിക്കുകയായിരുന്നു ഉടമ. കുടുംബത്തിലെ ബുദ്ധിമുട്ടും വിഷമതകളും നിരവധി തവണ ബോധിപ്പിച്ചിട്ടും മൂവർക്കും അവധി നൽകാൻ ഉടമ തയ്യാറയില്ല. തുടർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയുമായിരുന്നു.

അതിനിടയിൽ ഇവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളെ ബന്ധപ്പെടാൻ സാധിച്ചതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. സോഷ്യൽ ഫോറം തമിഴ്‌നാട്‌ സ്റ്റേറ്റ് കമ്മിറ്റി വിഷയത്തിൽ ഇടപെട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സൗദി തൊഴിൽ മന്ത്രാലയത്തിലും മൂന്നു പേരുടെയും വിഷമതകൾ മനസ്സിലാക്കി പരാതി നൽകുകയും കേസുമായി മുന്നോട്ടു പോകാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

ഇതിനിടയിൽ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാർ മുഖേന ഇവർ തൊഴിലുടമയെ കണ്ട് വിഷമതകൾ ബോധിപ്പിക്കുകയും ചെയ്തു. സൗദി തൊഴിൽ മന്ത്രാലയം അധികൃതർ വസ്തുതകൾ അന്വേഷിച്ചു ആറുവർഷമായിട്ടും അവധി നൽകാതെ ജോലിയെടുപ്പിച്ച തൊഴിലുടമക്കെതിരെ നടപടി തുടങ്ങിയപ്പോൾ മൂന്നു പേർക്കും അവധി നൽകാനും നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റും നല്കാൻ ഉടമ തയ്യാറാവുകയായിരുന്നു.

സോഷ്യൽ ഫോറം തമിഴ്‌നാട്‌ സ്റ്റേറ്റ് പ്രസിഡണ്ട് മുഹമ്മദ്യി മുഹിദ്ദീൻ ചെന്നൈ, വെൽഫെയർ ലീഡർ മുഹമ്മദലി തൃശ്ശിനാപ്പള്ളി, കേരള സ്റ്റേറ്റ് വെൽഫെയർ വളണ്ടിയർ ഹസൈനാർ മാരായമംഗലം എന്നിവർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സൗദി തൊഴിൽ മന്ത്രാലയത്തിലും രേഖകൾ സംബന്ധമായ കാര്യങ്ങൾക്ക് രംഗത്തുണ്ടായിരുന്നു.

ആരുമാരും സഹായിക്കാനില്ലാതെ ആറുവർഷം കടുത്ത വിഷമത്തോടെ കഴിഞ്ഞിരുന്ന അവസ്ഥയിൽ സേവന ദൂതരായി വന്ന സോഷ്യൽ ഫോറം ഭാരവാഹികൾക്ക് അകമഴിഞ്ഞ നന്ദി പറഞ്ഞു കൊണ്ടാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിൽ മൂന്നുപേരും യാത്രയായത്.

Advertisment