Advertisment

കശ്മീർ വെബിനാർ വിവരദായകം: "ആർട്ടിക്കിൾ 370 വിഘടനവാദപരം; അഗ്നിപഥ് ഭടന്മാരാവാൻ കശ്മീരിൽ നിന്ന് രണ്ട് ലക്ഷം പേർ; അതിർത്തിയിൽ പാകിസ്ഥാൻ ഇടപെടുമ്പോൾ "ഹിതപരിശോധന" അപ്രസക്തം; 2023 ലെ ജി 20 ഉച്ചകോടി ചേരുക കശ്മീർ താഴ്വരയിൽ"

New Update

publive-image

Advertisment

ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ "കശ്മീർ വെബിനാർ" കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്‌മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു.

ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശുന്നതായി വെബിനാറിലെ വിഷയാവതരണം. നിർദ്ദേശങ്ങളും സംശയങ്ങളും രേഖപ്പെടുത്താൻ സദസ്സിന് നൽകിയ അവസരവും ക്രിയാത്മകമായി.

publive-image

ജിദ്ദയിൽ കശ്മീർ കൂട്ടായ്മയുടെ ബാനറിൽ അരങ്ങേറിയ പരിപാടിയ്ക്ക് കശ്മീരിലെയും ജിദ്ദയിലെയും വ്യവസായ പ്രമുഖനും പ്രശസ്ത സാമൂഹ്യ വ്യക്തിത്വവുമായ പ്രദീപ് ശർമ നേതൃത്വം നൽകി.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, നിക്ഷേപം, ടൂറിസം, തൊഴിൽ, ജനസേവനം, അടിസ്ഥാന വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടപ്പാക്കി കൊണ്ടിരിക്കുന്നത് അഭൂതപൂർവമായ വികസന പദ്ധ്വതികളാണെന്നും ഇവയുടെ ഫലം സാധാരണ ജനങ്ങൾ അനുഭവിക്കുകയും അതിലൂടെ ഗുണപരമായ വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതായും പ്രദീപ് ശർമ്മ കണക്കുകൾ അവതരിപ്പിച്ച് വിവരിച്ചു.

2019 ൽ ആർട്ടിക്കിൾ 370 എടുത്തു കളയുന്നത് വരെ ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി മൂലം അവിടുത്തുകാർക്ക് ഇന്ത്യയുടെ മുഖ്യധാരയുടെ ഭാഗമാവുന്നതിന് തടസ്സമായി നിൽക്കുകയായിരുന്നു. ഇതിലൂടെ ഉണ്ടായത് വിഘടനവാദത്തിന്റെ സാഹചര്യമായിരുന്നെന്നും എന്നാൽ നിലവിലുള്ള കേന്ദസർക്കാർ 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ പുനഃസംഘടിപ്പിക്കുകയും ചെയ്ത ശേഷം ജമ്മു കശ്മീരും ലഡാക്കും ഇന്ത്യൻ പൊതുധാരയുടെ ഭാഗമായെന്നും പ്രദീപ് ശർമ്മ ചൂണ്ടിക്കാട്ടി.

publive-image

കേന്ദ്ര സർക്കാർ ഏതെങ്കിലും പദ്ധതിയോ നിയമമോ പാസാക്കിയപ്പോഴെല്ലാം, ആർട്ടിക്കിൾ 370 അനുസരിച്ച്, അത് ജമ്മു കശ്മീരിൽ നടപ്പിലാക്കുന്നതിന് മുമ്പ്, ജമ്മു കശ്മീർ അസംബ്ലി അംഗീകരിക്കേണ്ടതായിരുന്നു. ഇത് വികസനത്തെ തളർത്തി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നിയമങ്ങളുടെയും പദ്ധതികളുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ഫലം. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം, 2005 ലെ വിവരാവകാശ നിയമം എന്നിവ ജമ്മു കശ്മീരിൽ ഒരിക്കലും നടപ്പിലാക്കിയിരുന്നില്ല.

അതുപോലെ, 2006 ലെ പട്ടികവർഗ, മറ്റ് പരമ്പരാഗത വനവാസി നിയമം, 1989 ലെ പട്ടികജാതി - പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം തുടങ്ങിയവ ആർട്ടികൾ 370 കേന്ദ്രസർക്കാർ നീക്കം ചെയ്തതിന് ശേഷമാണ് ഫലപ്രദമായി സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങൾക്കുമായി ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കശ്മീർകാരൻ കൂടിയായ പ്രദീപ് ശർമ്മ പറഞ്ഞു.

മെച്ചപ്പെട്ട സുരക്ഷാ അന്തരീക്ഷം നടപ്പ് വർഷത്തെ വിനോദ സഞ്ചാര മേഖലയെ റിക്കോർഡ് സ്ഥിതിവിവരത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.

നിലവിലെ യൂണിയൻ ബജറ്റിൽ, ജമ്മു കശ്മീരിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്, 30 ദശലക്ഷം യുഎസ് ഡോളറിന്റെ പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കണ്ടുതുടങ്ങിയതായും ശർമ്മ അവകാശപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം 6 ബില്യൺ ഡോളറിന്റെ വ്യാവസായിക യൂണിറ്റുകൾ സ്ഥാപിക്കാൻ 4,226 നിക്ഷേപ നിർദ്ദേശങ്ങൾ ലഭിച്ചതായും ഇതുപ്രകാരം ജമ്മു കശ്മീരിൽ 234,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കമെന്നും അദ്ദേഹം തുടർന്നു.

യു എ ഇയിൽ നിന്നുള്ള 36 അംഗ ബിസിനസ്സ് പ്രതിനിധി സംഘം ഇയ്യിടെ കശ്മീരിലേക്ക് ബിസിനസ് അവസരങ്ങൾ തേടിയെത്തിയതും ശർമ്മ ഓർമിപ്പിച്ചു.

ജമ്മുവിലും അവന്തിപ്പോരയിലും രണ്ട് പ്രധാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ-- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്-- സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 15-നകം എല്ലാ വീട്ടുകാർക്കും പ്രവർത്തനക്ഷമമായ ടാപ്പ് വാട്ടർ കണക്ഷൻ നൽകും.

2016 - 17 ൽ പ്രധാൻ മത്രി ഗ്രാം സദക് യോജനയിൽ ഒമ്പതാം റാങ്കിൽ ആയിരുന്ന സംസ്ഥാനം കഴിഞ്ഞ വർഷം മൂന്നാം റാങ്കിലെത്തി.

ജനാധിപത്യ, രാഷ്ട്രീയ ജീവിതത്തിലും പുതിയ സാഹചര്യം ഗുണപരമായ മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുകയാണെന്നന്നും നടന്ന ത്രിതല ലോക്കൽ ബോഡി തിരഞ്ഞെടുപ്പ് അതിന്റെ നിദർശനമാണെന്നും ശർമ്മ ശ്രദ്ധയിൽ പെടുത്തി. ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നിടത്തോളം കാലം ഐക്യരാഷ്ട്ര സഭാ രേഖയിലുള്ള "റഫറണ്ടം - ഹിതപരിശോധന" വാദം അർത്ഥശൂന്യമാണെന്ന് ഒരു ചോദ്യത്തിനുത്തരമായി ശർമ്മ പറഞ്ഞു.

ഇന്തോനേഷ്യയിൽ നിന്ന് ജി 20 കൂട്ടായ്മയുടെ ആദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്ന ഇന്ത്യ 2023 ലെ ഉച്ചകോടി കശ്മീർ താഴ്വരയിൽ വെച്ച് നടത്താനാണ് ഉദ്യേശിക്കുന്നതെന്നും പ്രദീപ് ശർമ്മ വെളിപ്പെടുത്തി.

ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തത് മുതലുള്ള അവിടുത്തെ ശോഭനമായ സ്ഥിതിഗതികളുടെ പ്രചാരണം ലക്ഷ്യമാക്കിയുള്ള വെബ്ബിനാറിൽ ജിദ്ദയിലെ പ്രമുഖർ സംബന്ധിച്ചു.

Advertisment