Advertisment

വിദ്യാഭ്യാസ വിസയുമായി സൗദി അറേബ്യ: ഇന്ത്യ ഉൾപ്പെടെ 160 രാജ്യങ്ങളിലുള്ള മിടുക്കന്മാർക്ക് പ്രയോജനപ്പെടും

New Update

ജിദ്ദ: വിശുദ്ധിയുടെ നാട് പിന്നീട് വിനോദത്തിന്റെയും ഇപ്പോൾ വിദ്യാഭ്യാസത്തിന്റെയും കൂടി കേന്ദ്രമാവുന്നു. ടൂറിസം പരിപോഷിപ്പിക്കാനായി വിസ കാര്യങ്ങളിൽ ഒട്ടേറെ പരിഷ്കരണങ്ങളും പുതുമകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യ ഇപ്പോഴിതാ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉത്തേജനം നൽകികൊണ്ട് ദീർഘകാല - ഹൃസ്വകാല "വിദ്യാഭ്യാസ വിസ" അവതരിപ്പിക്കുന്നു.

Advertisment

publive-image

160 ഓളം രാജ്യങ്ങളിൽ നിന്നുള്ള പഠന - ഗവേഷണ കുതുകികൾക്ക് സൗദിയുടെ പുതിയ വിദ്യാഭ്യാസ വിസ ഉപയോഗപ്പെടുത്താനാകും. ഇന്ത്യയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുവെന്ന വാർത്ത ഏറേ സഹർഷത്തോടെയാണ് സൗദിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹം എതിരേറ്റത്.

സൗദി വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ വിസ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികളെയും ഗവേഷകരെയും സൗദി അറേബ്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലേക്ക് ആകർഷിക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. സൗദിയെ ലോകത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി മാറ്റിയെടുക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ വിസയ്ക്ക് പിന്നിലെ ചേതോവികാരം.

ഒരു വർഷത്തേക്കുള്ള പഠനത്തിനാ ഹൃസ്വകാല വിസയും കൂടുതൽ വർഷം വേണ്ടിവരുന്ന പഠന ഗവേഷണങ്ങൾക്ക് ദീർഘകാല വിസയും ലഭിക്കും. അപേക്ഷ നൽകേണ്ടത് ഇതിനായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക പോർട്ടൽ scholarship.moe.gov.sa ഉപയോഗിച്ചായിരിക്കണം. അപേക്ഷ നൽകാൻ ഒമ്പത് ഭാഷകൾ ഉപയോഗിക്കാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ട്. ഇതിൽ ഇന്ത്യൻ ഭാഷകളായ ഹിന്ദി, ഉർദു എന്നിവയും പെടുന്നു.

സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും യൂനിവേഴ്‌സിറ്റികളിലെ ബിരുദ, ബിരുദാനന്തര, ഡോക്റ്ററേറ്റ്, അറബി ഭാഷ ഡിപ്ലോമ കോഴ്‌സുകൾക്ക് വിദേശികൾക്ക് അപേക്ഷിക്കാം.

ബിസിനസ്, സാമ്പത്തികം, നിയമം, രാഷ്ട്രീയം, എൻജിനീയറിംഗ്, മെഡിക്കൽ, കംപ്യൂട്ടർ, കൃഷി, വിദ്യാഭ്യാസം, ശരീഅത്ത്, അറബി ഭാഷ, ഇൻഫർമേഷൻ എന്നീ വിഷയങ്ങൾക്ക് ചേരാനുള്ള അനുമതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഓരോ വിഷയങ്ങൾക്കും ആകെയുള്ളതിന്റെ അഞ്ച് ശതമാനം വരെ സീറ്റാണ് വിദേശികൾക്കുണ്ടാവുക. എന്നാൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ അത് 85 ശതമാനം വരെ ആകാം.

ശാസ്ത്ര വിഷയങ്ങൾ ഇംഗ്ലീഷ് മീഡിയത്തിലും മറ്റുള്ളവ അറബി മീഡിയത്തിലുമാണ് അധ്യാപനം നടക്കുക. 17 നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളിലും 30 വരെ പ്രായമുള്ളവർക്ക് പി.ജിയിലും 35 വരെ പ്രായമുള്ളവർക്ക് ഡോക്ടറേറ്റിലും ചേരാം.

പഠിതാവ് തിരഞ്ഞെടുക്കുന്ന യൂനിവേഴ്‌സിറ്റികളിൽ ചേരുന്നതിന് അപേക്ഷ നൽകിയാൽ ആദ്യം യൂനിവേഴ്‌സിറ്റിയും തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയവും പെർമിറ്റ്‌ ലഭിക്കണം. അതോടെ, സ്‌പോൺസറോ മറ്റോ ആവശ്യമില്ലാതെ തന്നെ താമസിയാതെ വിദ്യാഭാസ വിസ ലഭിക്കുകയായി.

Advertisment