/sathyam/media/post_attachments/tx2QcULGDtzaI0AfLgeJ.jpg)
അജ്മാൻ: കാസറകോഡ് ജില്ലയിൽ ഉദുമാ മണ്ഡലത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ വളരെ പിന്നോക്കം നിൽക്കുന്ന മൂന്ന് ഭാഗം പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടവും ഒരു ഭാഗം പയസ്വിനി പുഴയാലും ചുറ്റപ്പെട്ട യാത്ര സൗകര്യം പോലുമില്ലാത്തതും എൻഡോസൾഫാൻ ബാധിത നാടായ ആലൂരിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് ഗവൺമെൻറ് അനുവദിച്ച മൾട്ടിഗ്രേഡ് ലേണിംഗ് സെൻറർ ഇപ്പോൾ അടച്ചു പൂട്ടാൻ വേണ്ടിയുള്ള ഉത്തരവ് കാസറകോഡ് ഉപജില്ലാ മേധാവി കൈമാറിയുട്ടുണ്ട്.
ഒരു നാടിന്റെ വിളക്കാണ് അവിടെ പ്രവർത്തിക്കുന്ന വിദ്യാലയം. കുട്ടികളുടെ വിദ്യഭ്യാസം നിഷേധിച്ചു കൊണ്ടുള്ള ഒരു ഉത്തരവും ഞങ്ങൾ അംഗീകരിക്കില്ല. പ്രാഥമിക വിദ്യഭ്യാസം ഒരു പൗരന്റെ മൗലികാവകാശമാണ്. നിലവിൽ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം നിർത്തിയിരിക്കുകയാണ്.
ഈ സ്കൂൾ പൂട്ടിയാൽ ഒരു ഗ്രാമത്തിലെ കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ആയതിനാൽ പൊതു വിദ്യഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് എംജിഎൽസിയെ എൽപി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന ആവിശ്യപ്പെട്ട് അജ്മാൻ മുളിയാർ പഞ്ചായത്ത് കെഎംസിസി അവതരിപ്പിച്ച പ്രമേയം അജ്മാൻ കാസറകോഡ് ജില്ലാ കെഎംസിസി ഐക്യകണ്ടേന പാസ്സാക്കി.
ആലൂർ സ്കൂൾ സംരക്ഷണ സമിതി നടത്തുന്ന സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നല്കാനും വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കാനും യോഗം തീരുമാനിച്ചു. കെഎംസിസിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ അവലോകനവും സംഘടനാ പ്രവർത്തനവും യോഗം വിലയിരുത്തി.
ജനറൽ സെക്രട്ടറി ഷാഫി മാർപ്പനടുക്കം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻറ് അഷറഫ് നീർച്ചാൽ അധ്യക്ഷത വഹിച്ചു. കെഎംസിസി കാസറകോഡ് ജില്ലാ നേതാക്കളും വിവിധ മണ്ഡല നേതാക്കളും സംബന്ധിച്ച യോഗത്തിൽ എ.വൈ. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.