ജിദ്ദ: ഖത്തർ ലോകകപ്പിന് ശേഷവും രാജ്യാന്തര കാൽപന്താവേശം ജ്വലിപ്പിച്ച് നിർത്താൻ വഴിവെച്ച് വിശ്വോത്തര പോർച്ചുഗൽ താരം സൗദി തലസ്ഥാനത്ത്. തിങ്കളാഴ്ച വൈകീട്ട് കുടുംബ സമേതം റിയാദിലെത്തിയ ക്രിസ്ത്യാനോ റൊണാൾഡോ സൗദിയിൽ മറ്റൊരു രാജ്യാന്തര സോക്കർ സംഭവത്തിന്റെ പ്രതീതിയാണ് ഉളവാക്കിയിട്ടുള്ളത്. പ്രമുഖ സൗദി ക്ലബ്ബ് അൽനസ്ർ താരമായിട്ടാണ് റൊണാൾഡോയുടെ സൗദിയിലേയ്ക്കുള്ള ആഗമനം.
ചൊവാഴ്ച്ച വൈകീട്ട് റിയാദിൽ അൽനസ്ർ ക്ലബ്ബ് സോക്കർ ലോകത്തെ ഇതിഹാസ താരത്തിന് ഔപചാരികമായ സ്വീകരണം നൽകി. റിയാദിലെ "മർസൂൽ പാർക്ക്" സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയ സ്വീകരണത്തിൽ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. പരിപാടിയിൽ സംസാരിക്കവേ, സൗദി ക്ലബ്ബിൽ ഉൾപ്പെട്ടതിൽ താൻ അഭിമാനിക്കുന്നതായും സൗദി ക്ലബ്ബിന്റെ ഭാഗമായി നിന്ന് പുതിയ റിക്കാർഡുകൾ ഭേദിക്കലാണ് തന്റെ ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞു. "അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ധാരാളം ഓഫറുകൾ വന്നിരുന്നെങ്കിലും സൗദി ക്ളബ്ബിനെയാണ് ഞാൻ തിരഞ്ഞെടുത്തത്": റൊണാൾഡോ പറഞ്ഞു.
താൻ ക്ലബ്ബിലെ മറ്റു സഹകളിക്കാരെ പോലെയും അവരിലൊരാളും മാത്രമായിരിക്കുമെന്ന് അൽനസ്ർ ക്ലബ്ബുമായുള്ള ചർച്ചാ വേളയിൽ റൊണാൾഡോ പറഞ്ഞതായി പരിപാടിയിൽ സംസാരിച്ച ക്ലബ്ബ് മേധാവി മസ്‌ലീ ആലുമുഅമ്മർ വെളിപ്പെടുത്തി.
മുപ്പത്തിയേഴുകാരനായ ഫോർവേർഡ് കളിക്കാരൻ റൊണാൾഡോ 2025 വരെ സൗദി അൽനസ്ർ ക്ലബ്ബിന്റെ ജേഴ്‌സിയാണ് അണിയുക. ഇതിനുള്ള കരാർ ക്ലബ്ബ്മായി നേരത്തേ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ബ്രിട്ടനിലെ പ്രശസ്ത മാഞ്ചസ്റ്റർ ക്ലബ്ബിന്റെ താരമായിരിക്കെയാണ് റൊണാർഡോയുടെ സൗദിയിലേയ്ക്കുള്ള ചുവടു മാറ്റം.
ലോകകപ്പ് സ്വന്തമാക്കിയ അർജന്റീനിയയെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച് ലോകത്തെ ഞെട്ടിച്ച സൗദി അറേബ്യ റൊണാൾഡോയുടെ സാന്നിധ്യത്തോടെ വരും വർഷങ്ങളിൽ കൂടുതൽ തിളങ്ങുമെന്ന് തീർച്ച.