Advertisment

സൗദി അറേബ്യ: ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ മുന്നറിയിപ്പ്; ഖുർആൻ കത്തിച്ച സംഭവത്തിൽ അമർഷം: "അധിനിവേശം അവസാനിപ്പിച്ച് സമാധാന നീക്കമാണ് വേണ്ടത്, സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് അപലപനീയം; ആവിഷ്കാര സ്വാതന്ത്ര്യം വിദ്വേഷ പ്രചാരണത്തിന് ഉള്ളതല്ല": പ്രകോപന നടപടികൾ നിർത്തലാക്കാൻ രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ജി സി സിയും

New Update

ജിദ്ദ: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തു വിട്ട രണ്ട് വ്യത്യസ്ത പ്രസ്താവനകളിലൂടെ മേഖലയെയും ലോകത്തെയാകെയും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളിൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ശക്തിയാര്‍ജിക്കുന്ന ഇസ്രായീൽ - ഫലസ്തീൻ സംഘർഷം, യൂറോപ്യൻ രാജ്യങ്ങളിൽ വിശുദ്ധ ഖുർആൻ പ്രതികൾ അഗ്നിക്കിരയാക്കുന്ന സംഭവങ്ങൾ എന്നിവയിലുള്ള നിലപാടും പ്രതികരണവുമാണ് സൗദി അറേബ്യ രേഖപ്പെടുത്തിയത്,

Advertisment

ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് വഴുതിവീഴുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണത്തെയും സൗദി അറേബ്യ അപലപിക്കുകയാണെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ 10 സാധാരണക്കാരായ ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് പകരമെന്നോണം അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ കുടിയിരുത്തൽ മേഖലയിൽ നിന്നുള്ള ഒരാൾ പരിസരത്തുള്ള ഒരു ജൂത സിനഗോഗിലെ 8 പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച, ജറുസലേമിലെ സിൽവാൻ പരിസരത്ത് 13 വയസ്സുള്ള ഫലസ്തീൻ ബാലൻ രണ്ട് പേരെ വെടിവച്ചു.

ഇസ്രായേൽ - ഫലസ്തീൻ സംഘർഷം അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പാണ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്. അധിനിവേശം അവസാനിപ്പിച്ചു കൊണ്ട് സമാധാന നീക്കങ്ങളാണ് വേണ്ടതെന്നും സൗദി അറേബ്യ ഓർമപ്പെടുത്തി.

publive-image

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിച്ചു കൊണ്ട് ഡെന്മാർക് തലസ്ഥാനമായ കോപ്പൻഹേഗനിൽ തീവ്രവാദികൾ വിശുദ്ധ ഖുറാൻ കോപ്പികൾ കത്തിച്ചതിൽ ശക്തമായ അമർഷവും പ്രതിഷേധവും സൗദി അറേബ്യ രേഖപ്പെടുത്തി.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അടുത്തിടെ നിരവധി യൂറോപ്യൻ തലസ്ഥാനങ്ങളിൽ, നിർഭാഗ്യവശാൽ, ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരം സംഭവങ്ങൾ എന്നും ഇതിനെ തടയുന്ന നീക്കങ്ങൾ ഒന്നും ഉണ്ടാവുന്നില്ലെന്നും സൗദി അറേബ്യ നിരീക്ഷിച്ചു.

"മതങ്ങളുടെ അനുയായികൾ തമ്മിൽ വിദ്വേഷവും സംഘർഷവും വളർത്തുന്നതിന് കാരണമാകുന്ന ഇത്തരം നീക്കങ്ങൾ അടിയന്തിരമായി തടയണമെന്ന് എല്ലാ യൂറോപ്യൻ ഗവൺമെന്റുകളോടും തങ്ങൾ ആവശ്യപ്പെടുന്നു": സൗദി പ്രസ്താവന തുടർന്നു.

ജി സി സി കൗൺസിലും ഖുർആൻ കത്തിച്ച സംഭവത്തിൽ പരിഹാരം ആവശ്യപ്പെട്ടു

ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.നായിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് അപലപിച്ചു; ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ ഡെന്മാർക് തലസ്ഥാനമായ കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആൻ കത്തിച്ച തീവ്രവാദി നടപടിയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) അമർഷം രേഖപ്പെടുത്തി. ഇത്തരം നടപടി ആസൂത്രിതവും ആവർത്തിച്ചുള്ളതും പ്രകോപനപരവുമാണെന്ന് ജി സി സി കൗൺസിൽ ചൂണ്ടിക്കാട്ടി. .

അടുത്തിടെ നിരവധി യൂറോപ്യൻ തലസ്ഥാനങ്ങളിൽ ഈ ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുണ്ടാവുകയാണ്. സംവാദം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെയും വിദ്വേഷവും തീവ്രവാദവും തള്ളിക്കളയുന്നതിന്റെ ആവശ്യകതയുമാണ് വേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത്തരം സംഭവങ്ങളോട് ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടികൾ കൈകൊള്ളുന്നുമില്ല" ജി സി സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽഹജ്‌റഫ് ചൂണ്ടിക്കാട്ടി.

അതിനാൽ, ഇത്തരം സംഭവങ്ങൾ തടയുന്നതിനായി ഉത്തരവാദിത്തത്തോടെ രാജ്യാന്തര സമൂഹം അടിയന്തിരമായി രംഗത്ത് വരണമെന്ന് ജി സി സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.

Advertisment