Advertisment

സൗദിയിൽ രണ്ട് മലയാളി യുവാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

ജിദ്ദ: സൗദിയിലെ രണ്ടിടങ്ങളിലായി രണ്ട് മലയാളി യുവാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിലാണ് സംഭവങ്ങൾ. രണ്ടുപേരും അടുത്ത ദിവസങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കടുംകൈ ചെയ്തത്.

മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശിയും പരേതനായ അരീക്കൻ കോയ - മുരിയെങ്ങലത്ത് ആമിന ദമ്പതികളുടെ മകനുമായ അബ്ദുൽ മുനീർ (39) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഒരാൾ. ജിദ്ദ റുവൈസിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഭാര്യ: ഫൗസിയ. മക്കൾ: ദിൽന (12), ദിയ ഫാത്തിമ (രണ്ടര). സഹോദരങ്ങൾ: അബ്ദുൽ സുനീർ, അലി അക്ബർ.

ആത്മഹത്യയിലേക്ക് മുനീറിനെ നയിച്ചത് എന്താണെന്ന് സുഹൃത്തുക്കളും അത്ഭുതം പ്രകടിപ്പിക്കുകയാണ്. കുറച്ചു കാലമായി കടുത്ത മൈഗ്രൈൻ ബാധയ്ക്കുള്ള ചികിത്സയിലുമായിരുന്നെന്ന്‌ സുഹൃത്തുക്കൾ പറഞ്ഞു. ഇതില്ലാതെ മറ്റൊരു പ്രശ്നവും അറിയില്ല. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായ ശേഷം നാളെ (ഞായർ) ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മുനീർ.

ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്ന മുനീർ.

മൃതദേഹം ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.

publive-image

എറണാകുളം, കോതമംഗലം സ്വദേശിയും സലിം അലിയാർ - ആമിന ദമ്പതികളുടെ മകനുമായ കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലിം (22 ) ആണ് സൗദിയിൽ ജീവനൊടുക്കിയ മറ്റൊരു മലയാളി യുവാവ്. ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്തുള്ള കുളിമുറിയിൽ സലീമിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുളിമുറിയിൽ വെച്ച് ഞെരമ്പ് മുറിച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. കുളി കഴിഞ്ഞു പുറത്തിറങ്ങാതെ കണ്ടതിനാൽ കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസും സിവിൽ ഡിഫൻസ് പ്രവർത്തകരും വാതിൽ കുത്തിത്തുറന്നപ്പോഴാണ് രക്തം വാർന്ന നിലയിൽ സലീമിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അനന്തര നടപടികൾക്കായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് തൊഴിൽ വിസയിൽ സലിം സൗദിയിൽ എത്തിയത്.

ജോലിയ്ക്ക് പോകാൻ താല്പര്യം കാണിക്കാത്ത വിധം മാനസിക അസ്വസ്ഥത കാണിച്ചിരുന്നതായി കൂടെയുള്ളവർ പറഞ്ഞു. ഇതിനെത്തുടർന്ന്, അടുത്ത വെള്ളിയാഴ്ച്ച നാട്ടിലേയ്ക്ക് മടങ്ങാനായി വിമാന ടിക്കറ്റ് എടുത്തയാളാണ് സലിം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment