/sathyam/media/post_attachments/Kn1pYg6ZUxZt7l5ETCIS.jpg)
മിനാ: ഇന്ന് മക്കയിൽ ദുൽഹജ്ജ് എട്ട് അഥവാ "യൗം തർവിയ". മഹത്തായ അറഫാ സംഗമത്തിന്റെ തലേന്നാൾ മിനായിൽ തങ്ങുകയെന്ന നബിചര്യ പ്രാവർത്തികമാക്കി, അല്ലാഹുവിന്റെ അതിഥികൾ ഇന്ന് മിനായുടെ മടിത്തട്ടിൽ കഴിച്ചുകൂട്ടുകയാണിപ്പോൾ.
/sathyam/media/post_attachments/MNQWnVDc9dFgS1AUD09F.jpg)
നാളെ വെളുക്കുമ്പോൾ അറഫായുടെ അനുഭൂതിയിലേയ്‌ക്കും ഹജ്ജിന്റെ ആത്മാവിലേയ്ക്കും ആവേശനിർഭരരായി പ്രവഹിക്കാൻ. മക്കയിൽ നിന്ന് എട്ട് കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മിനാ അല്ലാഹുവിന്റെ വിളി കേട്ട് എത്തിയ അവന്റെ അതിഥികൾ സംഘമായും ഉച്ചത്തിലും മുഴക്കുന്ന സ്ത്രോത്രകീർത്തനങ്ങളാൽ മുഖരിതമാണ്.
/sathyam/media/post_attachments/sbRkXFp2sUnhus7mVcBn.jpg)
ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് പ്രവാചക ശ്രേഷ്ട്ടരുടെ ധന്യസ്മരണകളും ത്യാഗജീവിതവും ഓർമയിൽ നിറച്ച് പ്രതിക്ജ്ഞ പുതുക്കുകയാണ്. ഏകദൈവ വിശ്വാസത്തിന്റെയും ഏകോദര സഹോദരന്മാരെന്ന സാമൂഹ്യ പാഠത്തിന്റെയും ജീവിക്കുന്ന പതിപ്പുകളാവുകയാണ്. വ്യാഴാഴ്ച വൈകിയതോടെ തമ്പുകളുടെ നഗരമായ മിനാ അല്ലാഹു ഇബ്രാഹിം നബിയുടെ മുഴക്കിയ ആഹ്വാനത്തിന് ഉത്തരം ചെയ്തെത്തിയ അവന്റെ അതിഥികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.
/sathyam/media/post_attachments/li2f2zuEhcAke2yLGXmM.jpg)
സൗദിയുടെ വിദൂര ദിക്കുകളില്‍ നിന്നു ദിവസങ്ങള്‍ക്കു മുമ്പും ജിദ്ദ, തായിഫ് തുടങ്ങിയ പരിസര പ്രദേശങ്ങളില്‍ നിന്നു ബുധനാഴ്ച്ച മുതലും പുറപ്പെട്ട പരസഹസ്രം ആഭ്യന്തര ഹാജിമാരുടെ മിനായിലെക്കുള്ള പ്രവാഹം വ്യാഴാഴ്ച്ച രാത്രിയിലും അവിരാമം തുടർന്നു. മിനായിലേക്ക് മക്ക വഴിയും നേരിട്ടുമുള്ള വിസ്തൃത പാതകളും തുരങ്ക വീഥികളും ശുഭ്ര വസ്ത്രധാരികളുടെ നിലക്കാത്ത ഒഴുക്കില്‍ പുളകമണിഞ്ഞു.
ആഭ്യന്തര ഹാജിമാരില്‍ അധികവും ആദ്യം മക്കയില്‍ എത്തി "തവാഫ് അല്‍ ഖുദൂം " (ആഗമന പ്രദക്ഷിണം) നിര്‍വഹിച്ച ശേഷമാണ് മിനായിലേക്ക് നീങ്ങിയത്. മക്ക വഴിയും നേരിട്ടും മിനായിലേക്ക് തീർത്ഥാടകരൊഴുകി. അതേസമയം, ഹറം, അസീസിയ്യ തുടങ്ങി മക്കയുടെ മുക്കുമൂലകളിൽ കേന്ദ്രീകരിച്ചിരുന്ന ലക്ഷക്കണക്കിന് വിദേശ ഹാജിമാര്‍ വ്യാഴാഴ്ച മധ്യാഹ്നത്തോടെ തന്നെ മുതവഫ്ഫുമാരുടെ ബസ്സുകളില്‍ മിനായിലേക്ക് നീങ്ങി.
വിശുദ്ധ ഹജ്ജിലെ പകരം ചെയ്യാനില്ലാത്ത അനിവാര്യ കര്‍മം നിര്‍വഹിക്കുന്നതിന് പത്ത് ലക്ഷം വരുന്ന ഹാജിമാര്‍ നാളത്തെ പ്രഭാതത്തിൽ മിനായില്‍ നിന്നു ഇരുപത് കിലോമീറ്റർ അകലെയുള്ള അറഫാ മൈന്താനിയിലേക്ക് പ്രവഹിക്കും. ഇഹറാമിന്റെ തൂവെള്ള തുണികള്‍ അണിഞ്ഞു ലാളിത്യത്തിന്റെയും സമഭാവനയുടെയും ജീവിക്കുന്ന മാതൃകകളായി മിനായിൽ തലേന്നാൾ (വ്യാഴം) നിറഞ്ഞ ശേഷം ഹജ്ജിന്റെ മൂർദ്ധന്യത ഏറ്റുവാങ്ങാൻ അറഫ ലക്ഷ്യമാക്കി പ്രയാണം തുടങ്ങുകയാണ്.
ചൂടേറിയ കാലാവസ്ഥയിലും ശാന്തവും ഭക്തിസാന്ദ്രവുമായ സാഹചര്യത്തിലുമാണ് ഹജ്ജ് നുകരാനെത്തിയ പത്ത് ലക്ഷങ്ങൾ വ്യാഴാഴ്ചയിലെ "യൗം തർവിയ" അർത്ഥവത്താക്കി മിനായിലെ മലമടക്കുകളിൽ ചെലവിട്ടത്. സുരക്ഷാ, ആരോഗ്യ, ക്ഷേമ രംഗങ്ങളിൽ യാതൊരു അനിഷ്ട്ട സംഭവങ്ങളൊന്നും ഇല്ലാതെയാണ് "യൗം തർവിയ" പൂർത്തിയാക്കി വെള്ളിയാഴ്ച "ഹജ്ജുൽ അക്ബർ" ആശ്ലേഷിക്കാൻ അറഫായിലേയ്ക്ക് നീങ്ങുന്നത് .
ഇന്ത്യന്‍ ഹാജിമാരുടെ മിനാ യാത്ര പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയായി. വ്യാഴാഴ്ച്ച രാവിലെ മുതൽ തന്നെ ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലെ അസീസിയ്യയിൽ നിന്ന് മിനായിലെ തമ്പുകളിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ഇന്ത്യൻ മിഷൻ ഉദ്യോഗസ്ഥരും ഔദ്യോഗികവും അനൗദ്യോഗികവുമായ സന്നദ്ധ പ്രവർത്തകരും ഇന്ത്യൻ ഹാജിമാർക്ക് ആശ്വാസം പകർന്ന് കൂടെയുണ്ടായിരുന്നു. എല്ലാം മുൻ നിശ്ചയിച്ച പോലെത്തന്നെ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. മിനായിലെത്തിയ ഇന്ത്യൻ ഹാജിമാർ ഹജ്ജ് മെട്രോ ട്രെയിൻ വഴിയാണ് അറഫായിലേക്ക് നീങ്ങുക. ഇന്ത്യയിൽ നിന്നെത്തിയ എല്ലാ തീർത്ഥാടകർക്കും ഈ സൗകര്യം ലഭിക്കും.
ഹജ്ജ് കാലാവസ്ഥ ഇന്ന് (വ്യാഴം)
മക്കയിലും ഹജ്ജ് പ്രദേശങ്ങളിലും പകൽ കൊടും ചൂടാണ്. വ്യാഴാഴ്ച മിനായിലെ കൂടിയ അന്തരീക്ഷ ഊഷ്മാവ് 44 ഡിഗ്രി സെൽഷ്യസ്. അറഫായിൽ 43 ഉം മക്കയിൽ 44 ഉം ആണ് കൂടിയ ചൂട്.
ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് (വ്യാഴം)
ദുല്‍ഹജ്ജ് എട്ട് (യൗം തര്‍വിയ):
ഹാജിമാര്‍ മക്ക വഴിയും നേരിട്ടും മിനായില്‍ തമ്പടിക്കുന്നു
"തല്‍ബിയ്യത്ത്" മുഴക്കുന്നു, പ്രാർത്ഥനയിൽ മുഴുകുന്നു.
പ്രഭാത നിസ്കാര ശേഷം പുലര്‍ച്ചയോടെ അറഫാ യിലേയ്ക്ക്...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us