പേസ് ബൗളര്‍ ടി.നടരാജന് പകരം ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്ത് സണ്‍റൈസേഴ്സ്

സ്പോര്‍ട്സ് ഡസ്ക്
Saturday, September 25, 2021

ദുബായ്: രണ്ടാം പാദ ഐപിഎല്‍ മത്സരത്തിനിടെ കൊവിഡ് ബാധിതനായ പേസ് ബൗളര്‍ ടി.നടരാജന് പകരം പുതിയ താരത്തെ ടീമിലെടുത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിക്കിനെയാണ് സണ്‍റൈസേഴ്സ് ടീമിലെടുത്തത്.

നിലവില്‍ ടീമിന്റെ നെറ്റ് ബൗളറായ ഉമ്രാന്‍ നടരാജന്‍ തിരിച്ചെത്തുന്നതുവരെ ടീമിനായി പന്തെറിയും. ജമ്മു കശ്മീരിനായി ഒരു ടി20യും ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള മാലിക്ക് ആകെ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 22 ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരത്തിന് തൊട്ടുമുന്‍പാണ് നടരാജന് കൊവിഡ് സ്ഥിരീകരിക്കുന്നത്. താരത്തോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ആറ് ടീമംഗങ്ങളും ഇപ്പോള്‍ ഐസൊലേഷനിലാണ്. എന്നാല്‍ ഇവരുടെ ഫലം നെഗറ്റീവാണ്.

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്സ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് എട്ടുവിക്കറ്റിന് പരാജയപ്പെട്ടതോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്സാണ് സണ്‍റൈസേഴ്സിന്റെ എതിരാളി.

×