ദുബായ്/ മലപ്പുറം∙ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഡോ. ഷംഷീർ വയലിൽ ഇക്കാര്യം അറിയിച്ചത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരള ടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കേരളാ - ബംഗാൾ ഫൈനലിന് മണിക്കൂകൾ ശേഷിക്കേയാണ് ആരാധകർക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീർ വയലിലിന്റെ സർപ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്. ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു.
മലയാളിയെന്ന നിലയിൽ കേരള ടീം ഫൈനലിൽ എത്തിയതിൽ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്ബോൾ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാൽ കിരീടദാന ചടങ്ങിൽ തന്നെ സമ്മാനത്തുക കൈമാറിയേക്കും.