/sathyam/media/post_attachments/klotEwZK7vG2jB1j3df8.jpg)
ബാഴ്സലോണയുടെ ഇതിഹാസ താരം ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് അല്‍മെരിയക്കെതിരായ ലാ ലിഗ മത്സരത്തിൽ താരം ബൂട്ടഴിക്കും. ബാഴ്സയുടെ തട്ടകമായ ക്യാംപ്നൗവിലാണ് മത്സരം. സീസണിൽ തുടർച്ചയായി ആദ്യ ഇലവനിൽ നിന്ന് പുറത്തായതാണ് സെൻട്രൽബാക്കായ പിക്വെയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പിക്വെക്ക് സീസണിൽ ആദ്യ ഇലവനിൽ ഇറങ്ങാനായത്. 2009 മുതൽ 2018 വരെ രാജ്യത്തിനായി കളിച്ച 35കാരനായ പിക്വെ സ്പെയിനിന് വേണ്ടി 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ സുവർണതലമുറയിലെ പ്രധാന താരമാണ് ക്യാംപ്നൗവിൽ നിന്ന് പടിയിറങ്ങുന്നത്.
ലാ മാസിയ അക്കാദമിയിൽ തുടങ്ങി നാല് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതിനു ശേഷം 2008ൽ ബാഴ്‌സയിൽ തിരിച്ചെത്തിയ പിക്വെ പിന്നീട് ക്ലബ്ബിന്‍റെ വിശ്വസ്ത താരമായി മാറി. ബാഴ്‌സലോണക്കൊപ്പം എട്ടു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ പിക്വെ സ്പെയിൻ ദേശീയ ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ, ദേശീയ ടീമിൽ നിന്നും പിക്വ വിരമിച്ചിരുന്നു.