യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. ലിവർപൂളിനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ 14 ആം കിരീട നേട്ടം. 59–ാം മിനിറ്റിൽ ബ്രസീൽ താരം വിനീസ്യൂസാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയഗോൾ നേടിയത്. 2018ൽ ലിവർപൂളിനെ തന്നെ തോൽപിച്ചാണ് റയൽ അവസാനമായി കിരീടം ചൂടിയത്.
ആരും ഭയക്കുന്ന ലൈനപ്പോടെയാണ് ഇരു ടീമും പാരിസിലെ സ്താദ് ദ് ഫ്രാൻസിൽ അണിനിരന്നത്. കളിയിൽ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയെങ്കിലും റയൽ ഗോൾകീപ്പർ തിബോ കോർട്ടോയെ മറികടന്ന് ഗോൾ നേടാൻ ലിവർപൂളിനായില്ല. ലിവർപൂള്‍ താരങ്ങള്‍ മാറിമാറി കോർട്ടോ പരീക്ഷിച്ചു. 16-ാം മിനിറ്റില്‍ തുടർച്ചയായി ലിവർപൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോർട്ടോയുടെ ഉജ്വലസേവുകൾ റയലിനു തുണയായി. 24 ഷോട്ടുകളാണ് ഇംഗ്ലിഷ് ക്ലബ് കളിയിൽ പായിച്ചത്. അതിൽ ഒൻപതും ഗോൾമുഖത്തേക്കു തന്നെ.
റയൽ കളിയിൽ പായിച്ചത് ആകെ 4 ഷോട്ടുകൾ മാത്രം. 43-ാം മിനിറ്റില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 59–ാം മിനിറ്റിൽ ഫെഡെറിക് വാൽവെർദെ നൽകിയ അസിസ്റ്റിൽ നിന്നാണ് ബ്രസീൽ താരം വിനീസ്യൂസ് ലക്ഷ്യം കണ്ടത്. പിന്നീടങ്ങോട്ടും ലിവർപൂള്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ മാറിനിന്നു.