ജിദ്ദ: എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്ണമെന്ററിലെ അവസാന വട്ട നോക്-ഔട്ട് മത്സരങ്ങൾ ഇതാദ്യമായി വിദേശമണ്ണിൽ വെച്ച് അരങ്ങേറിയപ്പോൾ ചാമ്പ്യന്മാരായത് കർണാടക. ശനിയാഴ്​ച റിയാദ് കിംഗ് ​ ഫഹദ് രാജ്യാന്തര സ്​റ്റേഡിയത്തിൽ അരങ്ങേറിയ കലാശക്കളിയിൽ ഒരൊറ്റ ഗോൾ വ്യത്യാസത്തിൽ കർണാടക കിരീടം ചൂടി. വിജയികൾ മൂന്ന് ഗോളുകൾ നേടിയപ്പോൾ ഇതാദ്യമായി ഫൈനൽ കളിച്ച മേഘാലയ രണ്ട് ഗോളുകൾ നേടുകയുണ്ടായി.
ചരിത്രത്തിലാദ്യമായി ഇത്തവണ ദേശാടനത്തിനിറങ്ങിയ സന്തോഷ് ട്രോഫി സൗദി തലസ്ഥാനത്ത് വെച്ചാണ് രണ്ട് സെമിഫൈനലുകൾ, ലൂസേഴ്‌സ് ഫൈനൽ, ഫൈനൽ എന്നിവ പൂർത്തിയാക്കി പുതിയ ചരിത്രം തീർത്തത്. സെമിഫൈനലുകളിൽ പഞ്ചാബിനെ തോൽപ്പിച്ച് മേഘാലയയും സർവീസസിന്റെ തോൽപ്പിച്ച് കർണാടകയും ഫൈനലിൽ എത്തുകയായിരുന്നു. ലൂസേഴ്‌സ് ഫൈനലിൽ പഞ്ചാബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴ്‌പ്പെടുത്തി സർവീസസ് മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ കർണാടകയുടെ സുനിൽ കുമാർ വല കുലുക്കി. എങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ അവസാനം വരെ പൊരുതിയ മേഘാലയയുടെ ആദ്യ സന്തോഷ് ട്രോഫി ഫൈനൽ കളിയായിരുന്നു റിയാദിലേത്.
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഇജാസ് ഖാൻ, സൗദി ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ യാസർ അൽമിഷേൽ, വൈസ് പ്രസിഡൻറ്​ ഇബ്രാഹിം അൽതാബ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ കല്യാൺ ചുബ്ബെ, വൈസ് പ്രസിഡൻറ്​ എൻ.എ. ഹാരിസ്, സെക്രട്ടറി ഡോ. ഷാജി പ്രഭാകർ എന്നിവർ ഫൈനൽ മത്സരങ്ങൾ വീക്ഷിക്കാൻ റിയാദിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു.