/sathyam/media/post_attachments/v2i6e7wBHqV7pQcq6dzw.jpg)
മുംബൈ : 2023 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷയായിരുന്ന ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ ടീം വിട്ടു. പരിക്കേറ്റ് പുറത്തായ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരം ടീമിന്റെ നെടുന്തൂണാകുമെന്ന് പ്രവചിക്കപ്പെട്ട താരമാണ് ആർച്ചർ. പരിക്ക് മൂലം ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണു മുംബൈയ്ക്കായി കളിച്ചത്. വീഴ്ത്താനായത് രണ്ടു വിക്കറ്റുകൾ മാത്രം.
പരിക്കിനെത്തുടർന്ന് ഏറെക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ആർച്ചർ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയും, ട്വന്റി20 ലീഗായ എസ്എ20 ഉം കളിച്ചാണു ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോഴും താരത്തെ പരുക്ക് അലട്ടിയിരുന്നു. തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
അടുത്തിരിക്കുന്ന ആഷസ് പരമ്പരയും ഏകദിന ലോകകപ്പും മുൻകൂട്ടി കണ്ടാണ് ആർച്ചറിനെ ഐപിഎല്ലിൽനിന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിൻവലിക്കാൻ തീരുമാനിച്ചത്. താരം ഇനി 2023 ഐപിഎല്ലിൽ കളിക്കില്ലെന്നും ഇംഗ്ലണ്ടിലേക്കു മടങ്ങുമെന്നും മുംബൈ ഇന്ത്യൻസ് സ്ഥിരീകരിച്ചു. ആർച്ചറിന് പകരക്കാരനായി മറ്റൊരു ഇംഗ്ലീഷ് താരം ക്രിസ് ജോർദാൻ മുംബൈ ഇന്ത്യന്‍സിൽ ചേർന്നു.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരത്തില്‍ ജോർദാൻ കളിക്കുമോയെന്ന് ഉറപ്പില്ല. ഇനിയുള്ള മത്സരങ്ങളിൽ ജോർദാൻ ഡെത്ത് ഓവറുകളിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ തോളിലേറ്റും. പ്ലേ ഓഫ് കടമ്പയിലെത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമായ മുംബൈക്ക് ക്രിസ് ജോർദാന്റെ വരവ് സഹായകമാകുമോ എന്ന് ഉടനെയറിയാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us