ആ 3 പേരെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കൂ; ടോപ് ഓര്‍ഡറില്‍ മാറ്റം നിര്‍ദേശിച്ച് കാര്‍ത്തിക്

New Update

publive-image

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ മാറ്റം നിര്‍ദേശിച്ച് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തി മാറ്റം നടപ്പിലാക്കണമെന്നും ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

Advertisment

ബാറ്റിംഗ് നിരയില്‍ യശസ്വി ജയ്‌സ്വാളിനും സര്‍ഫ്രാസ് ഖാനും അവസരം നല്‍കണമെന്നാണ് കാര്‍ത്തിക്കിന്‍റെ അഭിപ്രായം. യശസ്വി മികച്ച ആഭ്യന്തര സീസണും ഐപിഎല്ലും കഴിഞ്ഞ് മിന്നുന്ന ഫോമിലാണ്. സര്‍ഫ്രാസ് ആകട്ടെ കഴിഞ്ഞ കുറച്ചു സീസണുകളിലായി രഞ്ജിയിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനുമാണ്. അതുപോലെ ബൗളിംഗ് നിരയില്‍ മുകേഷ് കുമാറിനും ഇന്ത്യ അവസരം നല്‍കണമെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

ഓവലില്‍ ഓസ്ട്രേലിയക്കെതിരെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഉജ്ജ്വലമായി പന്തെറിഞ്ഞുവെങ്കിലും ഷാര്‍ദ്ദുല്‍ ഠാക്കൂറും ഉമേഷ് യാദവും ദ്രാവിഡിന്‍റെയും രോഹിത്തിന്‍റെയും പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല, ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും ഷാര്‍ദ്ദുല്‍ അടിസ്ഥാനപരമായി ബൗളിംഗ് ഓള്‍ റൗണ്ടറാണ്. വിക്കറ്റെടുക്കുക എന്നതാണ് ഷാര്‍ദ്ദുലില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

അതുപോലെ ഉമേഷ് യാദവ് ഈ മത്സരത്തില്‍ എവിടെയുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ അടുത്ത കാലയളവില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുക എന്നതാണ് ഉചിതമായ കാര്യം. അതുവഴി മധ്യനിര ശക്തിപ്പെടുത്താനാവുമെന്നും കാര്‍ത്തിക് പറഞ്ഞു.

ഞായറാഴ്ച അവസാനിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 209 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് വഴങ്ങിത്. ആദ്യ ഇന്നിംഗ്സില്‍ 469 റണ്‍സ് അടിച്ച ഓസ്ട്രേലിയക്ക് മറുപടിയായി ഇന്ത്യ 296 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് 444 റണ്‍സിന്‍റെ ലക്ഷ്യം മുന്നോട്ടുവെച്ചു. അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ രണ്ടാം ഇന്നിംഗ്സില്‍ 234 റണ്‍സിന് ഓള്‍ ഔട്ടായാണ് ഇന്ത്യ 209 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയത്.

Advertisment