ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ‘ദി അണ്‍നോണ്‍ വാര്യര്‍’ ഡോക്യുമെന്ററി അഞ്ച് ഭാഷകളിൽ;ടീസര്‍  മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടു

ന്യൂസ് ഡെസ്ക്
Friday, September 17, 2021

ഉമ്മന്‍ചാണ്ടിയുടെ ജീവിതം ഡോക്യുമെന്ററിയാവുന്നു. ‘ദി അണ്‍നോണ്‍ വാര്യര്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍  മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടു.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച്‌ ഒരുങ്ങുന്ന ഡോക്യുമെന്ററി മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യപ്പെടുന്നുണ്ട്. മക്ബൂല്‍ റഹ്‌മാനാണ് ഡോക്യുമെന്ററി സംവിധാനം നിര്‍വഹിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്‌ പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവരാണ് ഡോക്യുമന്ററി രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ്.

എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ് ബിജു എന്നിവരാണ് ഡോക്യുമെന്ററിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.13 മിനിറ്റ് ആണ് ദൈര്‍ഘ്യം വരുന്ന ഡോക്യുമെന്ററിയുടെ സംഗീത സംവിധാനം അശ്വിന്‍ ജോണ്‍സനാണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നസീം യൂനസ്. കലാസംവിധാനം ഏബല്‍ ഫിലിപ്പ് സ്‌കറിയ.

×