/sathyam/media/post_attachments/dox6Ve7M4HywA7joO3We.jpg)
ന്യൂഡല്‍ഹി: 2025 മാര്‍ച്ചോടെ ഇന്ത്യയിലെ മൊബൈല്‍ ഡിവൈസ് കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ യുഎസ്ബി ടൈപ്പ് സി സ്റ്റാര്‍ഡേര്‍ഡ് ചാര്‍ജിംഗ് പോര്‍ട്ടായി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ചാർജിംഗ് പോർട്ടിന് ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
"ടൈപ്പ് സി ചാർജറുകൾക്കുള്ള മാനദണ്ഡങ്ങൾ ബിഐഎസ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. മൊബൈലുകൾക്കും ഇലക്ട്രോണിക് ഡിവൈസുകള്‍ക്കുമായി രണ്ട് പൊതുവായ ചാർജിംഗ് പോർട്ടുകൾ സർക്കാർ കൊണ്ടുവരും”-ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
വിശദമായ കൂടിയാലോചനകള്‍ നടത്തിയും ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും ഉൽപ്പന്നങ്ങളുടെ ലഭ്യതയും പരിഗണിച്ചുമാണ് 2025 സമയപരിധിയായി സര്‍ക്കാര്‍ നിശ്ചയിച്ചത്. യൂണിഫോം ചാർജിംഗ് പോർട്ടുകളുടെ മാനദണ്ഡങ്ങൾക്കായുള്ള യൂറോപ്യൻ യൂണിയന്റെ ടൈംലൈൻ അനുസരിച്ചായിരിക്കും സമയപരിധി.
"ഇലക്ട്രോണിക് നിർമ്മാതാക്കൾക്ക് ആഗോള സംയോജിത വിതരണ ശൃംഖല ഉള്ളതിനാൽ 2024-ൽ യുഎസ്ബി ചാർജിംഗ് പോർട്ടുകൾക്കായുള്ള മാനദണ്ഡങ്ങൾ യൂറോപ്യൻ യൂണിയൻ പുറത്തിറക്കി ആറ് മാസത്തിന് ശേഷം യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളുടെ ഉപയോഗം നിർബന്ധമാക്കാമെന്ന് ഇന്‍ഡസ്ട്രിക്കും സർക്കാരിനുമിടയിൽ ധാരണയുണ്ട്”-രോഹിത് കുമാർ സിംഗ് വ്യക്തമാക്കി.
നേരത്തെ, ഏകീകൃത ചാർജിംഗ് പോർട്ടിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യവസായ പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുള്ളവരും ഉൾപ്പെടുന്ന ഒരു ഉപഗ്രൂപ്പിന് രൂപം നൽകിയിരുന്നു. ഏകീകൃത ചാർജിംഗ് പോർട്ട് ഘട്ടം ഘട്ടമായി അവതരിപ്പിക്കുന്നതിന് കഴിഞ്ഞ മാസം കമ്പനികള്‍ സമ്മതിച്ചിരുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏകീകൃത ചാർജിംഗ് പോർട്ടുകൾ ഇ-മാലിന്യവുമായി ബന്ധപ്പെട്ട് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ പരിസ്ഥിതി മന്ത്രാലയം പരിശോധിക്കാനും സാധ്യതയുണ്ട്. ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ലൈഫ് ( LiFE (Lifestyle for Environment)) ദൗത്യത്തിലേക്കുള്ള ഒരു ചുവടുവയ്പായിരിക്കും ഏകീകൃത ചാർജിംഗ് പോർട്ട്.