ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ കുറച്ച് കാലമായി വലിയ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര നമ്പരുകളിൽ നിന്നും സ്പാം കോളുകൾ വരികയും ഇതിലൂടെ സാമ്പത്തിക തട്ടിപ്പുകൾ അടക്കം നടക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം തട്ടിപ്പുകൾ തടയാൻ കമ്പനി പുതിയ എഐ, മെഷീൻ ലേണിങ് സംവിധാനങ്ങൾ വർധിപ്പിക്കുന്നതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫീച്ചറിലൂടെ സ്പാം കോളുകൾ തടയാനുള്ള ശ്രമങ്ങളിലാണ് കമ്പനി. സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വാട്സ്ആപ്പ് പുതിയ സൈലൻസ് അൺനോൺ കോളേഴ്സ് എന്ന എന്ന ഫീച്ചർ ആഗോളതലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും ഇത് ആദ്യം എത്തുക ഇന്ത്യയിൽ തന്നെയായിരിക്കും. ഇന്ത്യയിലാണ് സ്പാം കോളുകളിലൂടെയുള്ള തട്ടിപ്പുകൾ അധികമായി റിപ്പോർട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര നമ്പറുകളിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്ന തട്ടിപ്പുകാരുടെ കോളുകൾ എടുത്താൽ തന്നെ അപകടമാണ്. ഇത്തരത്തിൽ അറിയാത്ത നമ്പരുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കാനുള്ള നടപടികളാണ് പുതിയ ഫീച്ചർ ചെയ്യുന്നത്.
ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും ഇൻകമിങ് കോളുകളിൽ നിയന്ത്രണങ്ങളും നൽകുന്നതിനായിട്ടാണ് സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചർ ഡിസൈൻ ചെയ്തിരിക്കുന്നത്. അജ്ഞാതരായ ആളുകളിൽ നിന്നുള്ള സ്‌പാം, സ്‌കാമുകൾ, കോളുകൾ എന്നിവ ഈ ഫീച്ചർ സ്വയം തിരിച്ചറിയുന്നു.
സൈലൻസ് അൺനോൺ കോളേഴ്സ് എന്ന പുതിയ വാട്സ്ആപ്പ് ഫീച്ചർ ഒരിക്കൽ എനേബിൾ ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കളുടെ ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കായി സൈലന്റ് ആകുന്നു.
സൈലൻസ് അൺനോൺ കോളേഴ്സ് ഫീച്ചർ ഓൺ ചെയ്താൽ സേവ് ചെയ്യാത്ത നമ്പരുകളുടെ കോളുകൾ ഫോണിൽ റിങ് ചെയ്യുകയില്ല. എന്നാൽ മിസ്‌ഡ് കോളിന്റെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് കോൾ ലിസ്റ്റിൽ കാണാനുമാകും. ഇത്തരത്തിൽ സേവ് ചെയ്യാത്തതും എന്നാൽ പ്രധാനവുമായ നമ്പരിൽ നിന്നും കോളുകൾ വരുമ്പോൾ സൈലന്റ് ആയാൽ പിന്നീട് അത് കാണാനും തിരിച്ചറിയാനും സാധിക്കും എന്നത് മികച്ചൊരു സവിശേഷത തന്നെയാണ്.
വാട്സ്ആപ്പിലെ സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചർ എനേബിൾ ചെയ്യാനായി നിങ്ങൾ വാട്സ്ആപ്പ് തുറന്ന് സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. സെറ്റിങ്സിൽ പ്രൈവസി എന്ന ഓപ്ഷൻ കാണാനായി താഴേക്ക് സ്ക്രോൾ ചെയ്യുക.
ചുവടെ കാണുന്ന ലിസ്റ്റിൽ നിന്ന് "കോൾസ്" എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക. സൈലൻസ് അൺനോൺ കോളേഴ്സ് എന്ന ഫീച്ചർ എനേബിൾ ചെയ്യാനുള്ള ഒരു ടോഗിൾ കാണാം. ഈ ടോഗിൾ ടാപ്പ് ചെയ്ത് ഓൺ ചെയ്യാം. ഐഫോണുകളിലും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാണ്.