/sathyam/media/post_attachments/NdEHJlkgsH0JUf6Zk1pH.jpg)
അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ശീതള പാനീയമായ കാമ്പക്കോള വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാൻ തിരിച്ചെത്തുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള പ്രാദേശിക പാനീയ ബ്രാൻഡാണ് കാമ്പക്കോള. ഇത്തവണ റിലയൻസ് കൺസ്യൂമർ ലിമിറ്റഡാണ് ബ്രാൻഡിനെ വീണ്ടും വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ശീതള പാനീയങ്ങളുടെ വിൽപ്പന താരതമ്യേന ഉയരുന്ന വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് വിപണിയിൽ കാമ്പക്കോള തിരിച്ചെത്തിയിട്ടുള്ളത്. പ്രധാനമായും കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിങ്ങനെ മൂന്ന് ഫ്ലേവറുകളിലാണ് ഇവ വാങ്ങാൻ സാധിക്കുക.
200 എംഎൽ, 500 എംഎൽ, 600 എംഎൽ, 1,000 എംഎൽ, 2,000 എംഎൽ എന്നിങ്ങനെ വിവിധ അളവിലുള്ള പായ്ക്കുകളിൽ ലഭ്യമാകും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യുവർ ഡ്രിങ്ക്സ് ലിമിറ്റഡിൽ നിന്നും 2022 ഓഗസ്റ്റിലാണ് 22 കോടി രൂപയ്ക്ക് കാമ്പയെ റിലയൻസ് റീട്ടെയിൽ ഏറ്റെടുത്തത്. 1970, 1980 കാലഘട്ടങ്ങളിൽ കാമ്പക്കോള ഇന്ത്യൻ വിപണിയിലെ പ്രധാന ശീതള പാനീയമായിരുന്നെങ്കിലും, 1990- കളോടെ വിപണിയിൽ നിന്നും വിട പറയുകയായിരുന്നു.