/sathyam/media/post_attachments/dygG4kmkxDKpg6Oj6olc.jpg)
ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (BIGMI) ഗെയിം വീണ്ടും തിരിച്ചെത്തുന്നു. കൊറിയൻ ഗെയിമിംഗ് ബ്രാൻഡായ ക്രാഫ്റ്റൺ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ നിരോധിക്കപ്പെട്ട നൂറുകണക്കിന് ആപ്പുകളിൽ നിരോധനം നീങ്ങിയതിനു ശേഷം തിരികെയെത്തുന്ന ആദ്യ ആപ്ലിക്കേഷൻ കൂടിയാണ് ബിഗ്മി.
ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചതോടെയാണ് ബിഗ്മി തിരികെ എത്തുന്നത്. അതേസമയം, സർക്കാർ ആവശ്യപ്പെട്ട നിരവധി മാറ്റങ്ങൾ ഉൾപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും അവതരിപ്പിക്കുക.
ഗെയിമിലെ ചോരപ്പാടുകളുടെ നിറം മാറ്റാൻ ഇതിനോടകം തന്നെ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സ്വകാര്യ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിൽ ബിഗ്മി ആപ്പിന് നിരോധനം ഏർപ്പെടുത്തിയത്.
ആഗോളതലത്തിൽ തന്നെ ആരാധകരുള്ള പബ്ജിയുടെ നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ബിഗ്മി അവതരിപ്പിച്ചത്. ബാറ്റിൽ റോയൽ വിഭാഗത്തിൽപ്പെടുന്ന ഈ ഗെയിമിനും വളരെ പെട്ടെന്ന് ജനപ്രീതി നേടാൻ സാധിച്ചിരുന്നു.
എന്നാൽ, ഗെയിമിന്റെ പ്രവർത്തനത്തിന് പിന്നിൽ ചൈനീസ് സെർവറുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ ഉയർന്നിരുന്നു. ഇത് പിന്നീട് നിരോധനത്തിലേക്ക് നീങ്ങുകയായിരുന്നു.